മുംബൈ: ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും പണം നൽകലും സാധ്യമാക്കാൻ ആധാറിനു പകരം വോട്ടർ ഐഡന്റിറ്റി കാർഡും ബയോമെട്രിക് വിവരങ്ങളും ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുതിയ പുറംതള്ളലുകൾക്ക് കാരണമാകുമെന്ന ആശങ്ക ശക്തമാകുന്നു.
ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിലും കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗാണ് ഈ നിർദേശം അറിയിച്ചത്. ഡൽഹിയിൽ നടന്ന ഒരു ചടങ്ങിലും തുടർന്ന് സിക്കിം തലസ്ഥാനമായ ഗാംഗ്ടോക്കിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴുമാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ആധാർ പ്രധാന മാനദണ്ഡമാകില്ല
ഗുണഭോക്താക്കളെ കണ്ടെത്താൻ ആധാർ ഇനി പ്രധാന മാനദണ്ഡമായിരിക്കില്ലെന്നും പകരം വോട്ടർ കാർഡിലെ ബയോമെട്രിക് വിവരങ്ങളും ഇപിഐസി നമ്പറുകളുമായിരിക്കും ഉപയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു. ആധാർ കാർഡുകൾ എളുപ്പത്തിൽ ലഭ്യമാകുന്നതും വ്യാജമായി നിർമിക്കപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ മാറ്റമെന്നും അർഹരായ ആളുകൾക്കു മാത്രം ആനുകൂല്യം ഉറപ്പാക്കാനാണ് പുതിയ സംവിധാനമെന്നുമാണ് സർക്കാർ നിലപാട്.
എന്നാൽ, ഔദ്യോഗിക വിജ്ഞാപനം വന്നിട്ടില്ലാത്തതിനാൽ പദ്ധതിയുടെ വ്യാപ്തി, നടപ്പിലാക്കുന്ന സമയക്രമം, വോട്ടർ ഐഡി കൃത്യമായി ഹാജരാക്കാൻ കഴിയാത്തവർക്ക് എന്തു സംഭവിക്കും തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഇതിനെതിരേ പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വോട്ടർ ഐഡി നിർബന്ധമാക്കുന്നത് ഗ്രാമീണമേഖലയിലുള്ളവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി.
ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു
ബയോമെട്രിക് മെഷീനുകളിൽ വിരലടയാളങ്ങളോ കണ്ണുകളുടെ സ്കാനിംഗോ പരാജയപ്പെടുന്നതുകാരണം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ നിലവിലുണ്ട്. കൂടാതെ, ഗ്രാമീണകുടുംബങ്ങളിൽ പലരുടെയും പക്കൽ സ്മാർട്ട്ഫോണുകൾ ഇല്ലാത്തതും തിരിച്ചടിയാകും.
തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ ലക്ഷക്കണക്കിനു വോട്ടർമാർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ഇത് പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെയും സ്ത്രീകളെയും ദോഷകരമായി ബാധിക്കുമെന്നും വിമർശനമുയരുന്നുണ്ട്.
വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നതുകൊണ്ട് മാത്രം സാമൂഹ്യക്ഷേമ ആനുകൂല്യങ്ങളോ റേഷൻ വിതരണം തുടങ്ങിയ സഹായങ്ങളോ നിഷേധിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കുന്ന സുപ്രീംകോടതി ഉത്തരവുകൾ നിലവിലുണ്ട്.