ആലപ്പുഴ: ജില്ലയിൽ അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഓരോ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗം പടരുന്നത് തടയാനായി പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ ഇന്ന് കൊന്ന് നശിപ്പിക്കും.
അമ്പലപ്പുഴ നോർത്തിലെ വാർഡ് 11-ലെ ഫാമിലെ കാടകളിലും കോഴികളിലും ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഫാമിലെ താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഫാമുകളിൽ നിന്നുള്ള സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ (എൻഐഎച്ച്എസ്എഡി) നടത്തിയ പരിശോധനയിലാണ് പോസിറ്റിവ് എന്ന് തെളിഞ്ഞത്.
കൊന്ന് നശിപ്പിക്കേണ്ടി വരുന്നത് 26,000 വളർത്തുപക്ഷികളെ
ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 26,000 ത്തോളം വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 10044 പക്ഷികൾ അമ്പലപ്പുഴ നോർത്ത് പരിധിയിലാണ്. ഈ പ്രവൃത്തിയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ ഇന്ന് നടക്കുക. ആറ് ദ്രുതകർമ സേന ഇതിനായി രംഗത്തിറങ്ങും. ഒരോ ദ്രുതകർമ സേനയിലും ഒരു ഡോക്ടർ, രണ്ട് ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, രണ്ട് അറ്റൻഡർമാർ എന്നിവരും നാല് തൊഴിലാളികളും ഉണ്ടായിരിക്കും. ഇതിന് പുറമേ, ഗ്രാമപഞ്ചായത്ത് അംഗം, പൊലിസ്, റവന്യൂ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവരുമുണ്ടാകും. രണ്ട് ദ്രുതകർമ സേനയെ റിസർവ് ആയും കരുതിയിട്ടുണ്ട്.
പ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ പരിധി നിരീക്ഷണ മേഖലയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി. രാജീവ്, ആരോഗ്യ, പൊലിസ്, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.