ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗം.
ആലപ്പുഴ: ജില്ലയിൽ അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഓരോ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗം പടരുന്നത് തടയാനായി പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ ഇന്ന് കൊന്ന് നശിപ്പിക്കും.
അമ്പലപ്പുഴ നോർത്തിലെ വാർഡ് 11-ലെ ഫാമിലെ കാടകളിലും കോഴികളിലും ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഫാമിലെ താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഫാമുകളിൽ നിന്നുള്ള സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ (എൻഐഎച്ച്എസ്എഡി) നടത്തിയ പരിശോധനയിലാണ് പോസിറ്റിവ് എന്ന് തെളിഞ്ഞത്.
കൊന്ന് നശിപ്പിക്കേണ്ടി വരുന്നത് 26,000 വളർത്തുപക്ഷികളെ
ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 26,000 ത്തോളം വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 10044 പക്ഷികൾ അമ്പലപ്പുഴ നോർത്ത് പരിധിയിലാണ്. ഈ പ്രവൃത്തിയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ ഇന്ന് നടക്കുക. ആറ് ദ്രുതകർമ സേന ഇതിനായി രംഗത്തിറങ്ങും. ഒരോ ദ്രുതകർമ സേനയിലും ഒരു ഡോക്ടർ, രണ്ട് ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, രണ്ട് അറ്റൻഡർമാർ എന്നിവരും നാല് തൊഴിലാളികളും ഉണ്ടായിരിക്കും. ഇതിന് പുറമേ, ഗ്രാമപഞ്ചായത്ത് അംഗം, പൊലിസ്, റവന്യൂ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവരുമുണ്ടാകും. രണ്ട് ദ്രുതകർമ സേനയെ റിസർവ് ആയും കരുതിയിട്ടുണ്ട്.
പ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ പരിധി നിരീക്ഷണ മേഖലയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി. രാജീവ്, ആരോഗ്യ, പൊലിസ്, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
പക്ഷിപ്പനി വ്യാപനം തടയാൻ അടിയന്തര ഇടപെടൽ വേണം; പൗൾട്രി ഫെഡറേഷൻ
ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു.പക്ഷിപ്പനി വ്യാപനസാധ്യത മുൻകൂട്ടി കണക്കിലെടുത്ത് ആവശ്യമയ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പുതന്നെ ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന് നിവേദനം സമർപ്പിച്ചിരുന്നു. എന്നിട്ടും ജില്ലയുടെ വിവിധ മേഖലകളിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കോഴി കർഷകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ഇറച്ചിക്കോഴി വളർത്തൽ നടത്തുന്ന കർഷകരെയാണ് പക്ഷിപ്പനി വ്യാപനം ഗുരുതരമായി ബാധിക്കുന്നത്. രോഗവ്യാപനം തുടർന്നാൽ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടവും ഉപജീവന പ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന ആശങ്കയും നിലനിൽക്കുന്നു.
ഈ സാഹചര്യത്തിൽ രോഗബാധിത പ്രദേശങ്ങളിൽ ആവശ്യമായ നിയന്ത്രണ നടപടികൾ കർശനമാക്കുന്നതിനൊപ്പം സമീപപ്രദേശങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനുള്ള നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തണം. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ഏകോപിതമായി പ്രവർത്തിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നും കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ ഉറപ്പാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എം. താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ. നസീർ, ട്രഷറർ രവീന്ദ്രൻ എന്നിവർ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചു.
Tags : Bird flu confirmed in the district Nattuvishesham DistrictNews