ദേശീയപാതയിൽ കായംകുളം കരീലകുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപം ഇന്നലെ കാറും ബുള്ളറ്റും കൂട്ടിയിടിച്ചു ഉണ്ടായ അപകടം .
കായംകുളം: ആറുവരിപ്പാതയാക്കിമാറ്റാനായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന കായംകുളം ദേശീയപാതയിൽ നിർമാണം പൂർത്തിയാകുംമുമ്പേ ദേശീയപാത കുരുതിക്കളമായി മാറി.
ഇന്നലെ ഉച്ച കഴിഞ്ഞ് കരീലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപം ആഡംബരകാർ ബുള്ളറ്റുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുട്ടം പള്ളിപ്പാട് പനവേലിൽ ഖലീൽ (37) മരണപ്പെട്ടു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ദേശീയപാതയിൽ ഹരിപ്പാടിനും - കായംകുളം കൃഷ്ണപുരത്തിനും ഇടയിൽ നിരവധിപ്പേരാണ് അപകടത്തിൽ മരണപ്പെട്ടത്.
കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമടക്കം അപകടങ്ങളിൽപെട്ട് മരിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടും അപകടങ്ങൾ തടയാനുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ദേശീയപാത 66-ന്റെ നിർമാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും സുരക്ഷാ വീഴ്ചകളും കാരണം അപകടങ്ങൾ ദിനം പ്രതി വർധിക്കുകയാണ്.
വിദ്യാർഥികളും പ്രായമായവരുമടക്കമുള്ള കാൽനടയാത്രക്കാർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സൗകര്യമില്ലാത്തതും അപകടങ്ങൾക്ക് ഇടയാക്കുകയാണ് കരീലക്കുളങ്ങരയിൽ സ്കൂളിലേക്ക് പോകാൻ റോഡ് മുറിച്ചുകടന്ന വിദ്യാർഥി കാറിടിച്ച് മരിച്ചത് ഒരു മാസം മുമ്പാണ്.
സർവീസ് റോഡുകളുടെ വീതിക്കുറവും അശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങളും വലിയ ഗതാഗതക്കുരുക്കിനും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതിനും കാരണമാകുകയാണ്. വാഹനങ്ങളുടെ അമിതവേഗം പാതയിൽ വാഹനം നിർത്തിയിടുക, അപകടകരമായ രീതിയിൽ റോഡ് ക്രോസ് ചെയ്യുക തുടങ്ങിയവയും അപകടങ്ങൾക്ക് കാരണമായിത്തീ രാറുണ്ട്. ദേശീയപാതയിൽ കാൽനടയാത്രയ്ക്കും റോഡ് മുറിച്ചുകടക്കുന്നതിനും നിയന്ത്രണങ്ങളുണ്ടെങ്കിലും ആവശ്യത്തിനുള്ള ബദൽ സംവിധാനങ്ങളുടെ അഭാവം ആളുകളെ അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കാൻ പ്രേരിപ്പിക്കുന്നതായി പരാതിയുണ്ട്.
Tags : Traffic congestion on the national highway Nattuvishesham DistrictNews