ന്യൂഡൽഹി: ഡൽഹിയിലെ സിരാസ്പൂരിൽ പിറന്നാളാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രായപൂർത്തിയാകാത്തവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഒക്ടോബർ 23-നു രാത്രിയിലാണ് സിരാസ്പൂരിലെ ജീവൻ പാർക്കിന് സമീപം ഒരു യുവാവിന് കുത്തേറ്റതായി പൊലിസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലിസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവാവിന്റെ നെഞ്ചിലും വയറിലും നിരവധി കുത്തേറ്റതായി വ്യക്തമായി. ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസ് നാല് പേരെ പിടികൂടുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന പിറന്നാളാഘോഷത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രായപൂർത്തിയാകാത്ത പ്രതികൾ ചോദ്യം ചെയ്യലിൽ പൊലിസിനോട് സമ്മതിച്ചു. ആഘോഷത്തിനിടയിലേക്ക് കടന്നുവന്ന കൊല്ലപ്പെട്ട യുവാവും സുഹൃത്തുക്കളും തങ്ങളെ അപമാനിക്കുകയും അതിലൊരാളെ മർദിക്കുകയും ചെയ്തിരുന്നു. ഈ വിരോധം കാരണം പ്രതികാരം ചെയ്യാൻ പദ്ധതിയിട്ട ഇവർ, യുവാവിന്റെ ജോലികഴിഞ്ഞ് രാത്രി വൈകിയുള്ള മടക്കം ഉൾപ്പെടെയുള്ള ദിനചര്യകൾ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് സംഭവം നടക്കുന്ന ദിവസം രാത്രി ഇവർ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
പിടിയിലായ നാല് പേരും സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.