പല്ല് തേക്കുന്നതിനിടയിൽ അബദ്ധത്തിൽ 19 സെന്റീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് വിഴുങ്ങിയ മധ്യവയസ്കനെ ഡോക്ടർമാർ അത്ഭുതകരമായി രക്ഷപെടുത്തി. മഹാരാഷ്ട്രയിലെ ഷിരാവലി സ്വദേശിയായ 53-കാരൻ രാജേന്ദ്ര മാലുസാരെയാണ് അപകടത്തിൽപ്പെട്ടത്.
ബ്രഷ് തൊണ്ടയിലൂടെ ആമാശയത്തിലെത്തിയതിനെ തുടർന്ന് ശബ്ദം പോലും പുറത്തുവരാത്ത അവസ്ഥയിലായ അദ്ദേഹത്തെ നവി മുംബൈയിലെ മെഡിക്കോവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടര്ന്ന് ഡോ. റാവുസാഹെബ് റാത്തോഡിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അര മണിക്കൂർ നീണ്ട എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് ബ്രഷ് പുറത്തെടുത്തത്.
ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കാതെ ബ്രഷ് സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. വലിയ വസ്തുക്കൾ അബദ്ധത്തിൽ വിഴുങ്ങിയാൽ സ്വയം ഛർദ്ദിക്കാനോ ആഹാരം കഴിച്ച് താഴേക്ക് തള്ളാനോ ശ്രമിക്കരുതെന്നും ഉടൻ വൈദ്യസഹായം തേടണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.