നാഗ്പൂരിൽ നടന്ന വനിതാ അണ്ടർ-19 ടി20 ട്രോഫി എലീറ്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ വിചിത്രമായ ഒരു സംഭവം അരങ്ങേറി. കർണാടകയും വിദർഭയും തമ്മിലുള്ള പോരാട്ടത്തിനിടയിൽ അപ്രതീക്ഷിതമായി മൈതാനത്തേക്ക് ഒരു കുരങ്ങൻ കടന്നുവന്നത് കളിക്കാരെയും കാണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി.
വിദർഭയുടെ ഫീൽഡറായ ഉമാ കാശ്വിയുടെ അടുത്തേക്കാണ് കുരങ്ങൻ പാഞ്ഞെത്തിയത്. ബൗണ്ടറി ലൈനിന് സമീപം ഫീൽഡ് ചെയ്യുകയായിരുന്ന താരം, പെട്ടെന്ന് കുരങ്ങനെ കണ്ട് പരിഭ്രാന്തയായി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെ ഗ്രൗണ്ടിൽ വീഴുകയായിരുന്നു.
എങ്കിലും ഭാഗ്യവശാൽ കുരങ്ങൻ താരത്തെ ഉപദ്രവിക്കാൻ തുനിഞ്ഞില്ല. ആശങ്കകൾക്കൊടുവിൽ ഉമ കാശ്വി പരിക്കുകളൊന്നുമില്ലാതെ എഴുന്നേറ്റതോടെയാണ് കളി പുനരാരംഭിക്കാൻ കഴിഞ്ഞത്. വിസിഎ സ്റ്റേഡിയത്തിൽ ഒക്ടോബർ 22-ന് നടന്ന മത്സരത്തിൽ കർണാടകയാണ് വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കർണാടക 20 ഓവറിൽ 140 റൺസ് വിജയലക്ഷ്യം ഉയർത്തിയപ്പോൾ, വിദർഭയുടെ മറുപടി ബാറ്റിംഗ് 134 റൺസിൽ അവസാനിച്ചു. അങ്ങനെ ആറ് റൺസിന്റെ നേരിയ വിജയത്തോടെ കർണാടക അടുത്ത ഘട്ടത്തിലേക്ക് കടന്നെങ്കിലും, മൈതാനത്തെ കുരങ്ങന്റെ അതിക്രമം മത്സരത്തിലെ ഏറ്റവും വലിയ കൗതുകക്കാഴ്ചയായി മാറി.