പെരുമ്പാവൂര്‍: കൃഷി ആവശ്യത്തിനുള്ള യൂറിയയുടെ കരിഞ്ചന്ത ഇടപാടുകള്‍ സംബന്ധിച്ചു സര്‍ക്കാര്‍തലത്തില്‍ അന്വേഷണം ആരംഭിച്ചു. മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി പ്രസിഡന്റ് വര്‍ഗീസ് പുല്ലുവഴി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തെത്തുടര്‍ന്നാണു നടപടി.
രണ്ടുമാസം മുമ്പ് പുല്ലുവഴിയില്‍ പ്രവര്‍ത്തിക്കുന്ന ആബ്സണ് പോളിമേഴ്സ് എന്ന പ്ലൈവുഡ് പശ നിര്‍മാണ കമ്പനിയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന 1350 ചാക്ക് യൂറിയ പിടിച്ചെടുത്ത സംഭവത്തില്‍ കുറുപ്പംപടി പൊലിസ് അവശ്യസാധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ സബ്സിഡി യൂറിയയുടെ കരിഞ്ചന്ത ഇടപാടുകള്‍ സംസ്ഥാനത്തു വ്യാപകമാണെന്നും ഇത്തരം ഇടപാടുകളില്‍ ചെറിയൊരു ഭാഗം പോലും കണ്ടെത്തപ്പെടുന്നില്ലെന്നും പിടിക്കപ്പെടുന്ന സംഭവങ്ങളില്‍ ഗൗരവത്തോടെയുള്ള തുടര്‍നിയമ നടപടികളുണ്ടാകുന്നില്ലെന്നും വ്യക്തമാക്കിയാണ് വര്‍ഗീസ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.
ഒന്നര വര്‍ഷത്തിനിടയില്‍ കേരളം, കർണാടക, തമിഴ്നാട് മേഖലകളിൽ കൃഷിയാവശ്യത്തിനുള്ള 316 ടണ്‍ യൂറിയ പിടിച്ചെടുത്തതായി നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്ലൈവുഡ് നിര്‍മാണ കമ്പനികള്‍ ഉപയോഗിക്കുന്ന യൂറിയ ഫോര്‍മാല്‍ഡിഹൈഡ് എന്ന പശ ഉത്പാദിപ്പിക്കുന്നതിന് യൂറിയ ഒരു പ്രധാന ഘടകമാണ്. കരിഞ്ചന്തയിലെ യൂറിയ പ്രധാനമായും പ്ലൈവുഡ് പശ നിര്‍മാണ ഫാക്ടറികളിലാണ് എത്തപ്പെടുന്നതെന്നും നിവേദനത്തില്‍ വിശദമാക്കുന്നു.
45 കിലോ അടങ്ങുന്ന ഒരു ചാക്ക് യൂറിയയ്ക്ക് യഥാര്‍ഥ വിലയുടെ 90 ശതമാനത്തോളം സബ്സിഡി അനുവദിച്ച് 266.50 രൂപയ്ക്കാണ് കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നത്. എന്നാല്‍, വ്യവസായ ആവശ്യത്തിനുള്ള യൂറിയയ്ക്ക് സബ്സിഡി ഇല്ലാത്തതിനാല്‍ ഇവ രണ്ടും തമ്മില്‍ പത്തു മടങ്ങിലധികം വിലവ്യത്യാസമുണ്ട്. കൃഷി ആവശ്യത്തിനുള്ള യൂറിയ തിരിച്ചറിയാനും കരിഞ്ചന്ത വില്പന തടയാനും യൂറിയയില്‍ വേപ്പെണ്ണ കലര്‍ത്തി മഞ്ഞ നിറമുള്ള ചാക്കുകളില്‍ നിറച്ചാണ് വളം നിര്‍മാണ ഫാക്ടറികളില്‍നിന്ന് സംഭരണ, വിതരണ കേന്ദ്രത്തിലേക്കു മാറ്റുന്നത്.
കരിഞ്ചന്തയില്‍ എത്തുംമുമ്പ് സബ്സിഡി യൂറിയ മഞ്ഞ ചാക്കില്‍നിന്ന് വ്യവസായ ആവശ്യത്തിനുള്ള യൂറിയ നിറയ്ക്കുന്ന വെള്ള ചാക്കിലേക്ക് പകര്‍ത്തുമെന്നും വളം നിര്‍മാണ ഫാക്ടറികള്‍, സംഭരണ- വിതരണ ഏജന്‍സികള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണു കൃഷി ആവശ്യത്തിനുള്ള യൂറിയ കരിഞ്ചന്തയില്‍ എത്തുന്നതെന്നും നിവേദനത്തില്‍ പറയുന്നു.
യൂറിയയുടെ കരിഞ്ചന്ത ഇടപാടുകള്‍ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ഏര്‍പ്പെടുത്തണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പ്ലൈവുഡ് പശ നിര്‍മാണ സ്ഥാപനങ്ങള്‍ സ്ഥിരമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.