മഞ്ഞുപാളികൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന രക്തനദി! ഡ്രാക്കുള കഥകളിലെ ആഖ്യാനങ്ങൾപോലെ ഭയപ്പെടുത്തുന്ന കാഴ്ച! അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിലൂടെ; കട്ടപിടിക്കാതെ, ചോരയൊഴുകുന്നതുപോലെയുള്ള ചുവന്ന വെള്ളച്ചാട്ടം! ഒരു നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകത്തെയും സഞ്ചാരികളെയും ഒരേപോലെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും വിഷമവൃത്തത്തിലാക്കുകയും ചെയ്ത അപൂർവ പ്രതിഭാസത്തിന്റെ കാരണം ഒടുവിൽ കണ്ടെത്തിയിരിക്കുയാണ് ശാസ്ത്രജ്ഞർ. ബ്ലഡ് ഫാൾസ് - എന്നറിയപ്പെടുന്ന പ്രകൃതിവിസ്മയത്തിന്റെ രഹസ്യച്ചുരുളാണ് ഗവേഷകർ അഴിച്ചെടുത്തത്.
അന്റാർട്ടിക്കയിലെ ടെയ്ലർ ഗ്ലേസിയറിലാണ് ചുവന്ന വെള്ളച്ചാട്ടം. കടും ചുവപ്പ് നിറത്തിൽ വെള്ളം ഒഴുകിയെത്തുന്നതു കൊണ്ട് ഇത് മഞ്ഞുപാളികളിൽനിന്നു രക്തം വമിക്കുന്നതുപോലെ തോന്നിപ്പിക്കും. എന്നാൽ ഇതിനു പിന്നിൽ ശാസ്ത്രപരമായ ചില കാരണങ്ങളാണുള്ളതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഏതാണ്ട് നാനൂറ് മീറ്റർ താഴ്ചയിലുള്ള അതിപുരാതനമായ ഭൂഗർഭ തടാകമാണ് വെള്ളച്ചാട്ടത്തിന്റെ ഉറവിടമെന്ന് ഗവേഷകർ പറഞ്ഞു. ഏതാണ്ട് 15 ലക്ഷത്തോളം വർഷം മുന്പ് മഞ്ഞുപാളികൾ രൂപപ്പെട്ടപ്പോൾ കടൽവെള്ളം ഉള്ളിൽ കുടുങ്ങി. കാലക്രമേണ വെള്ളത്തിലെ ഉപ്പിന്റെ അളവ് ക്രമാതീതമായി വർധിക്കുകയും ഇതോടൊപ്പം ഇരുന്പിന്റെ സാന്നിധ്യം വർധിക്കുകയും ചെയ്തു.