പാഠപുസ്തകങ്ങൾക്കപ്പുറം മണ്ണിൽനിന്ന് ജീവിതത്തിന്റെ പാഠങ്ങൾ പഠിക്കുകയാണ് തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ മുറ്റത്ത് നിറം പകരുന്ന ബന്ദിപ്പൂക്കൾ വിളവെടുപ്പിനു പാകമായപ്പോൾ അതവർക്ക് മറ്റൊരു ഉത്സവമായി മാറി.
വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് കുട്ടികളുടെ മനസിൽ ഓണാഘോഷ ലഹരി നിറയ്ക്കുകയായിരുന്നു.
മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ പൂത്തുലഞ്ഞുനിന്ന ബന്ദിപ്പൂച്ചെടികൾ സ്കൂൾ അങ്കണത്തിന് വേറിട്ടൊരു സൗന്ദര്യമാണ് സമ്മാനിച്ചത്.
ആദ്യഘട്ടത്തിൽ അഞ്ചുകിലോ പൂക്കൾ
സ്കൂൾ പരിസരത്തെ മൂന്നു സെന്റ് ഭൂമിയിലെ കൃഷിയിടത്തിൽനിന്ന് ഏകദേശം അഞ്ച് കിലോഗ്രാം ബന്ദിപ്പൂവാണ് ആദ്യഘട്ടത്തിൽ വിളവെടുത്തത്. പൂക്കൾ ഓരോന്നായി ശേഖരിക്കുന്പോൾ കുട്ടികളുടെ മുഖത്തു നിറഞ്ഞത് അധ്വാനത്തിന്റെ സന്തോഷമായിരുന്നു. ജൂൺ അവസാനവാരം തങ്ങൾ നട്ടുവളർത്തിയ ചെടികളിൽ വിരിഞ്ഞ പൂക്കൾ സ്വന്തം കൈകളാൽ വിളവെടുക്കാനായതിന്റെ ആവേശത്തിന് അതിർവരന്പുകളില്ലായിരുന്നു.
മണ്ണിൽനിന്ന് മനസിലേക്കൊരു പാഠം
ഇന്നത്തെ തലമുറയെ കാർഷികവൃത്തിയോട് കൂടുതൽ അടുപ്പിക്കുന്നതിനും അധ്വാനത്തിന്റെ മഹത്വം മനസിലാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പ്രഥമാധ്യാപിക പറഞ്ഞു. ക്ലാസ് മുറിയിലെ അറിവിനൊപ്പം പ്രകൃതിയുമായി നേരിട്ടിടപഴകി സ്കൂളിലെ കാർഷികപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഏഴാംക്ലാസ് വിദ്യാർഥിയായ ആദിദേവിന്റെ കാർഷികസ്നേഹം ഏവർക്കും മാതൃകയാണെന്ന് അധ്യാപകർ ഒന്നടങ്കം പറയുന്നു.
വിത്തിൽനിന്ന് വിളവിലേക്ക്
ഒരു ചെടി നട്ടപ്പോൾ ആരംഭിച്ച പ്രവർത്തനം പൂക്കളുടെ വിളവെടുപ്പിൽ അവസാനിച്ചില്ല. കുട്ടികളുടെ മനസിൽ മണ്ണിനോടുള്ള സ്നേഹവും കൃഷിയോടുള്ള താത്പര്യവും വിതയ്ക്കുന്ന ഒരു പാഠമായി അതു മാറുകയായിരുന്നു.
വിളവെടുത്ത പൂക്കൾകൊണ്ട് സ്കൂളിലെ ഓണാഘോഷ പരിപാടി ആർഭാടമാക്കാനും വരുംകാലത്തേക്ക് കാർഷിക പ്രവർത്തനങ്ങൾ വിപുലമായി കൊണ്ടുപോകാനുമാണ് സ്കൂൾ അധികൃതരുടെ തീരുമാനം. തൃക്കൊടിത്താനം കൃഷിഭവനുമായി സഹകരിച്ച് കൂടുതൽ ഇനം കൃഷികൾ സ്കൂൾ പരിസരത്തൊരുക്കി കാർഷിക പ്രവർത്തനങ്ങൾ സജീവമാക്കാനും പദ്ധതിയുണ്ട്.