വടക്കഞ്ചേരി: പതിവിലും വ്യത്യസ്തമായി ഇക്കുറി പൂത്തുലയുകയാണ് നാട്ടുമാവുകൾ. ഇല കാണാനാകാത്ത വിധമാണ് പൂക്കൾ നിറഞ്ഞുള്ള മാവുകളുടെ നിൽപ്പ്. ഇതുവരെ പൂക്കാത്ത മാവുകൾ വരെ പൂത്തിട്ടുണ്ട്.
നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം മാമ്പൂകാഴ്ചകളാണിപ്പോൾ.
യാത്രകളിൽ ആരെയും ആകർഷിക്കുന്ന വിധമാണ് മാമ്പൂക്കളുടെ മനോഹാരിത യാത്രികർ ആസ്വദിക്കുന്നത്. ശക്തമായ കാറ്റിൽപോലും മാമ്പൂ കൊഴിയാതെ പിടിച്ചു നിൽക്കുന്നുണ്ട്. വർഷങ്ങളായി കായ്ഫലമില്ലാതെ വെട്ടിമാറ്റാൻ ഉദ്ദേശിച്ച് നിർത്തിയിട്ടുള്ള മാവുകളിൽവരെ മാമ്പൂനിറഞ്ഞ് കർഷകരെ കൊതിപ്പിക്കുകയാണ്.
മഴയില്ലാതെ ഈ രീതിയിലുള്ള കാലാവസ്ഥ തുടർന്നാൽ ഇത്തവണ മാമ്പഴ സമൃദ്ധിയുണ്ടാകുമെന്നു കർഷകർ പറയുന്നു. നാട്ടുമാവുകളുടെ വിളവു കൂടിയാൽ വരവുമാങ്ങയുടെ വില കുറയും. പറമ്പുകളിലും വഴിയോരങ്ങളിലുമെല്ലാം പൂത്തുനിൽക്കുന്ന മാവുകളിൽ മൂവാണ്ടൻ തന്നെയാണ് മുന്നിൽ.
വിദേശികളും സ്വദേശികളുമായി മാങ്ങായിനങ്ങൾ നിരവധിയുണ്ടെങ്കിലും മൂവാണ്ടൻ മാങ്ങക്ക് തന്നെയാണ് ഡിമാന്റ്. സീസണിന്റെ തുടക്കത്തിൽ കിലോയ്ക്ക് 100 രൂപ കടന്നും വിലയെത്തിയിരുന്നു. രാത്രിയിലെ തണുപ്പും പകലിലെ നല്ല ചൂടുമാണ് മാവുകൾ ഇങ്ങനെ പൂത്തുലയാൻ കാരണമെന്നു പറയുന്നു.
Tags : nattu vishesham The fields blooming