കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ പാർലമെന്ററി സമിതി സംഘം നൻമ ഫുഡ് പ്രോസസിംഗ് യൂണിറ്റ് സന്ദർശിക്കുന്നു.
സുൽത്താൻ ബത്തേരി: വയനാടൻ കാർഷിക വിളകൾക്ക് മൂല്യവർധനയിലൂടെ പുതുവിപണിയും രുചിയും ഒരുക്കുകയാണ് പൊഴുതന പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ "നൻമ’ ഫുഡ് പ്രോസസിംഗ് യൂണിറ്റ്. കർഷകരിൽനിന്ന് നേരിട്ട് അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് 45ലേറെ ഇനം ചിപ്സുകളും അച്ചാറുകളും വിവിധ പലഹാരങ്ങളുമാണ് യൂണിറ്റിൽ നിർമിക്കുന്നത്.
പിണങ്ങോട് സ്വദേശികളായ കെ. നസീമ, എൻ. സജ്ന, പി. ഷാഹിന, കെ. നസീറ എന്നിവരുടെ നേതൃത്വത്തിലാണ് സംരംഭം മുന്നോട്ടുപോകുന്നത്. കൃഷിയിടങ്ങളിൽ വിളയുന്ന ചേന്പ്, ചേന, കപ്പ, മധുരക്കിഴങ്ങ്, പപ്പായ തുടങ്ങിയ നാടൻ കാർഷിക വിളകളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ഈ കൂട്ടായ്മ. കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക കാർഷിക ഉത്പന്നങ്ങൾക്ക് കൂടുതൽ മൂല്യം ലഭിക്കാനും സംരംഭം വഴിയൊരുക്കുന്നു. വിവിധ പച്ചക്കറികളിൽനിന്ന് തയാറാക്കുന്ന വൈവിധ്യമാർന്ന ചിപ്സുകളാണ് നൻമയുടെ പ്രധാന ആകർഷണം. ചേന്പ്, ചേന, മധുരക്കിഴങ്ങ്, മരച്ചീനി, പാവയ്ക്ക, പടവലം, ബീറ്റ്റൂട്ട് തുടങ്ങി വിവിധ കാർഷിക ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വയനാട്ടിലെത്തിയ റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ കഴിഞ്ഞദിവസം യൂണിറ്റ് സന്ദർശിച്ചു. ഉത്പാദനരീതികളും പ്രവർത്തനങ്ങളും നേരിട്ട് മനസിലാക്കിയ സംഘം വനിതകളുടെ സംരംഭകത്വ പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രാദേശികമായി ലഭിക്കുന്ന കാർഷിക വിഭവങ്ങൾ പാഴാകാതെ സംസ്കരിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ കർഷകർക്കും വനിതകൾക്കും ഒരുപോലെ വരുമാനമാർഗം തുറക്കുകയാണ് നൻമയുടെ ലക്ഷ്യം. വയനാടിന്റെ കാർഷിക സന്പത്തിനെ ഭക്ഷ്യോത്പന്നങ്ങളാക്കി മാറ്റുന്ന ഈ സംരംഭം ഗ്രാമീണ വനിതാ ശക്തീകരണത്തിന്റെയും മൂല്യവർധിത കൃഷിയുടെയും മികച്ച മാതൃകയാവുകയാണ്.
Tags : Parliamentary Committee District News Local News Visited Women's Collective Women's Collective