വലിയതുറ: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനെത്തിയ മൂന്നു തമിഴ്നാട് ബോട്ടുകളെയും രണ്ട് അനുബന്ധ വള്ള ങ്ങളെയും വലിയതുറ ഭാഗത്തുള്ള കടലില്‍ നിന്നും വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ഉള്‍പ്പെട്ട മറൈന്‍ എന്‍ഫോഴ്സ്മെന്റ് പടോളിംഗ് സംഘം പിടികൂടി.
പിടികൂടിയ ബോട്ടുകളില്‍ നിന്നു കൃത്രിമ വെളിച്ചത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തതായി ഫിഷറീസ് സ്റ്റേഷന് അസി.ഡയറക്ടര്‍ ആര്. മനു അറിയിച്ചു.
പിടികൂടിയ ബോട്ടുകള്‍ക്കു കേരളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനായുള്ള അനുമതിപത്രം ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് വാടക ബോട്ടായ സീ ഹണ്ടറില്‍ നടത്തിയ പടോളിംഗില് സിപിഒ എ.അനില്‍കുമാര്‍, ഫിഷറീസ് ലൈഫ് ഗാര്‍ഡുമാരായ സുരേഷ്, ഡി. ആന്റണി, വില്‍സണ്‍ എന്നിവരുൾപ്പെട്ട സംഘം വലിയതുറ ഭാഗത്തുനിന്നുമാണ് ബോട്ടുകള്‍ പിടികൂടിയത്. പിടികൂടിയ ബോട്ടുകളുടെ മേല്‍ ഇന്നു നടപടികള്‍ സ്വീകരിക്കുമെന്നു ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.