ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന സർവീസ് ക്രമീകരണങ്ങൾ പൂർത്തിയായി.
എയർ ഇന്ത്യ വിമാനങ്ങളിൽ ഡൽഹി വഴിയാണ് മൃതദേഹങ്ങൾ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കൊച്ചി) എത്തിക്കുന്നത്.
കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച പുലർച്ചെ 1.20നും ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി 08.15നും കൊച്ചിയിലെത്തിക്കും.
വിമാന സർവീസ് സമയക്രമം എല്ലാ സമയങ്ങളും അതാത് രാജ്യങ്ങളിലെ പ്രാദേശിക സമയമാണ്.
1. അഞ്ജലി ഷീല ജോയ്, 2. സിവിൻ ജോണി
ബുധനാഴ്ച: ഫ്രാങ്ക്ഫർട്ടിൽ നിന്ന് രാത്രി 21:15ന് എയർ ഇന്ത്യ (AI2030) വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെടും.
വ്യാഴാഴ്ച: രാവിലെ 10:40ന് ഡൽഹി വിമാനത്താവളത്തിൽ എത്തും.
വ്യാഴാഴ്ച: ഡൽഹിയിൽ നിന്ന് രാത്രി 22:10ന് എയർ ഇന്ത്യ (AI2883) കണക്റ്റിംഗ് ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പുറപ്പെടും.
കൊച്ചിയിൽ എത്തുന്ന സമയം: വെള്ളിയാഴ്ച പുലർച്ചെ 01:20ന് നെടുമ്പാശേരിയിൽ എത്തും.
3. നോവ സാബു
വ്യാഴാഴ്ച: ഫ്രാങ്ക്ഫർട്ടിൽ നിന്ന് രാത്രി 21:15ന് എയർ ഇന്ത്യ (AI2030) വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെടും.
വെള്ളിയാഴ്ച: രാവിലെ 10:40ന് ഡൽഹി വിമാനത്താവളത്തിൽ എത്തും.
വെള്ളിയാഴ്ച: ഡൽഹിയിൽ നിന്ന് വൈകുന്നേരം 17.00-ന് എയർ ഇന്ത്യ (AI1738) കണക്റ്റിംഗ് ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പുറപ്പെടും.
കൊച്ചിയിൽ എത്തുന്ന സമയം: വെള്ളിയാഴ്ച രാത്രി 08.15ന് നെടുമ്പാശേരിയിൽ എത്തും.
വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കുന്ന മൂന്നു പേരുടെയും മൃതദേഹങ്ങൾ അവരുടെ കുടുംബാങ്ങങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് സംസ്കാരത്തിനായി അവരുടെ സ്വന്തം ഭവനത്തിലേക്ക് കൊണ്ടുപോകും.
മൂന്നു മൃതദേഹങ്ങളും വീട്ടിലെത്തിക്കുന്നത് നോർക്ക റൂട്സ് വിട്ടുനൽകുന്ന ആംബുലസ് വഴിയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സർവ ചെലവുകളും കേരള സർക്കാർ (നോർക്ക) ആണ് വഹിക്കുന്നത്.
ദൗത്യം വിജയകരമായി പൂർത്തിയാക്കി; ഏകോപനവുമായി നോർക്ക
ദുരന്തം നടന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ജർമൻ ക്രിമിനൽ പൊലിസ്, ബോഹും സിവിൽ രജിസ്ട്രേഷൻ ഓഫീസ് (Standesamt), ഫ്രാങ്ക്ഫർട്ടിലെ ബെസ്റ്റാറ്റുംഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ഫ്യൂണറൽ ഹോം), ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് സങ്കീർണമായ മുഴുവൻ നിയമ-രേഖാ നടപടിക്രമങ്ങളും പൂർത്തിയാക്കിയത്.
കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ കാർഗോ-ട്രാൻസ്പോർട്ട് ചെലവുകളും പ്രവാസി ക്ഷേമ വകുപ്പായ നോർക്ക റൂട്ട്സ് ആണ് വഹിക്കുന്നത്.
ജർമനിയിലെ ഔദ്യോഗിക സംവിധാനങ്ങളുമായും കോൺസുലേറ്റുമായും വിമാനക്കമ്പനിയുമായും നിരന്തരം സമ്പർക്കം പുലർത്തി മുഴുവൻ നടപടികളും സമയബന്ധിതമായി ഏകോപിപ്പിച്ചത് നോർക്ക ജർമ്മനി കോ-ഓർഡിനേഷൻ കൗൺസിൽ അംഗം ജോസ് കുമ്പിളുവേലിൽ ആണ്.
വിമാനത്താവളത്തിൽ എത്തുന്ന ഭൗതികശരീരങ്ങൾ ഏറ്റുവാങ്ങി അതത് വീടുകളിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലൻസ് സൗകര്യങ്ങളും നോർക്കയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
നാടും വീടും വിട്ട് മറുനാട്ടിൽ ജീവിതം കരുപ്പിടിപ്പിക്കാൻ എത്തി ദാരുണമായി പൊലിഞ്ഞുപോയ പ്രിയ മക്കളുടെ ചേതനയറ്റ ശരീരങ്ങൾ ഒരുനോക്ക് കാണാൻ കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും നാടും.