വരക്കാട് (കാസർഗോഡ്): വെസ്റ്റ് എളേരി പഞ്ചായത്തിലെ വരക്കാട് കുഴൽകിണർ ലോറി വീടിനു മുകളിലേക്കു മറിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണു മരിച്ചത്.
ലോറിക്കുള്ളിൽ കുടുങ്ങിയ ഇരുവരെയും ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ നാമക്കൽ തിരുച്ചെങ്കോടുനിന്നുള്ളതാണ് ലോറി.
ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. തെങ്ങുംചേരിൽ ജയ്സണും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടിനു മുകളിലേക്കാണ് വണ്ടി മറിഞ്ഞത്. ജയ്സൺ, ഭാര്യ ഏലിയാമ്മ, ഇവരുടെ സഹോദരി അന്നമ്മ, മകൻ ജസ്റ്റിൻ എന്നിവരും വീടിനകത്തുണ്ടായിരുന്നു. അദ്ഭുതകരമായാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വീടിന്റെ ഭിത്തി തകർന്ന് ഇവർ കിടന്നിരുന്ന ഹാളിലേക്ക് ഇരുമ്പു ദണ്ഡുകൾ പതിച്ചു.
വലിയ ശബ്ദവും കേട്ടതോടെ വീട് തകരുകയാണെന്നുകരുതി ഇവർ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. പൂത്തേട്ട് പടവിൽ പോളിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്.
ലോറി മറിഞ്ഞ ഭാഗത്ത് റോഡിൽ വലിയ വളവും ഇറക്കവുമുണ്ട്. അടുത്തിടെ റോഡ് വീതി കൂട്ടി നവീകരിച്ചപ്പോഴും ഇറക്കം കുറയ്ക്കുന്നതിനോ പാർശ്വഭിത്തിയടക്കമുള്ള സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിനോ നടപടിയുണ്ടായില്ലെന്ന് നേരത്തേ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.