ജയ്പൂർ: രാജസ്ഥാനിലെ ജൈസാൽമീർ ജില്ലയിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന കുട്ടികളെയെല്ലാം ഉടൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ജൈസാൽമീറിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്ന സ്കൂൾ ബസിലാണ് തീപിടുത്തമുണ്ടായത്. അപകടസമയത്ത് ഏകദേശം 15 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പെട്ടെന്ന് തീ പടർന്നുവെങ്കിലും കുട്ടികളെ ഉടൻ തന്നെ പുറത്തിറക്കാൻ കഴിഞ്ഞതിനാൽ ആളപായമില്ല.
വിവരം അറിഞ്ഞ ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിന്റെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.