മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നലെ കുതിച്ചുചാട്ടം. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡൊമോക്രാറ്റുകൾ നേടിയ മുന്നേറ്റം പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തിരിച്ചടിയായതും ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഉൾപ്പടെയുള്ള അനുകൂല ഘടകങ്ങൾ ദലാൽ സ്ട്രീറ്റിൽ കാളയോട്ടത്തിനു വഴിയൊരുക്കി.
സെൻസെക്സും നിഫ്റ്റിയും 2.5 ശതമാനത്തിനു മുകളിൽ ഉയർന്നു. കഴിഞ്ഞ ആറു സെഷനിലായി എട്ടു ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ മുന്നേറ്റമാണിത്. ഇതോടെ ഈ വർഷത്തെ നഷ്ടം നിഫ്റ്റി 6.5 ശതമാനമായും സെൻസെക്സ് 7.4 ശതമാനമായും കുറച്ചു.
സെൻസെക്സ് 2009 പോയിന്റ് ഉയർന്ന് 79,310ലും നിഫ്റ്റി 50 സൂചിക 576 പോയിന്റ് നേട്ടത്തോടെ 24,537ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലത്തെ ഈ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യത്തിലേക്ക് എട്ടു ലക്ഷം കോടി രൂപയിലധികം കൂട്ടിച്ചേർത്തു. ഇതോടെ കന്പനികളുടെ മൊത്തം വിപണിമൂല്യം ആദ്യമായി 500 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി. ആറു സെഷനുകളിലായി 30 ലക്ഷം കോടി രൂപയാണ് നിക്ഷേപകരുടെ സന്പത്തിലെത്തിയത്.
പ്രധാന സൂചികകളിലുണ്ടായ കുതിപ്പ് വിശാല വിപണികളിലും ദൃശ്യമായി. നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 1.87 ശതമാനവും 0.56 ശതമാനവും ഉയർന്നു. നിഫ്റ്റി സ്മോൾകാപ് 250 സൂചിക 0.79 ശതമാനത്തിലേക്കു മുന്നേറി. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് 2.83 ശതമാനം ഉയർന്ന് 16 അടുത്തെത്തിയിട്ടും വിപണിയിൽ മുന്നേറ്റമുണ്ടായി.
മേഖല സൂചികകളുടെ പ്രകടനം
മൊത്തത്തിലുള്ള വിപണി ട്രെൻഡ് കാളകളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിനാൽഷ്യൽ സർവീസസ് നാലു ശതമാനത്തിലേക്കാണ് കുതിച്ചുയർന്നത്. നിഫ്റ്റി പിഎസ് യു ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി റിയൽറ്റി എന്നിവ മൂന്നു ശതമാനത്തിനു മുകളിലേക്കു കയറി. നിഫ്റ്റി ഐടി, കണ്സ്യൂമർ ഡ്യൂറബിൾസ് രണ്ടു ശതമാനത്തിനു മുകളിലെത്തി. എൻഎസ്ഇയിൽ 2547 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1084 എണ്ണം ഇടിവ് നേരിട്ടു. 92 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയുടെ കുതിപ്പിനു കാരണങ്ങൾ
1. ഓയിൽ വിലയിലുണ്ടായ ഇടിവ്: ദലാൽ സ്ട്രീറ്റിൽ ഇപ്പോൾ കണ്ടുവരുന്ന മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന പ്രധാന ഘടകം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വലിയ ഇടിവാണ്. പല ആഴ്ചകൾക്കുശേഷം 100 ഡോളർ എന്ന നിർണായകമായ പരിധിക്കും താഴേക്കു പോയി. തുടർന്ന് ബാരലിന് 95 ഡോളറിനു താഴേക്കും ഇടിഞ്ഞു.
ഇന്നലെ രാവിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 94 ഡോളറിനു താഴെയും ഡബ്ലുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 87 ഡോളറിനു താഴെയുമാണ് വ്യാപാരം നടന്നത്. ഇത് തലേദിവസത്തെ അപേക്ഷിച്ച് എണ്ണവിലയിൽ ഏകദേശം 10% ഇടിവാണ് രേഖപ്പെടുത്തിയത്.
2. യുഎസ്-ഇറാൻ യുദ്ധം തീരുമെന്ന പ്രതീക്ഷകൾ: ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനേറ്റ അപ്രതീക്ഷിത തോൽവിയെത്തുടർന്ന് യുഎസ് കോണ്ഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് നിയന്ത്രണം നഷ്ടമായി. ഇതോടെ ഇറാനുമായുള്ള യുദ്ധം രൂക്ഷമാക്കാനുള്ള പ്രസിഡന്റ് ട്രംപിനുള്ള ശേഷി ദുർബലപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
3. ബോണ്ട് വരുമാനത്തിൽ ഇടിവ്: ഓയിൽ വിലയിൽ കുത്തനെയുണ്ടായ ഇടിവിനെത്തുടർന്ന് ബോണ്ട് വരുമാനം കുറഞ്ഞു.
4. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽ വാങ്ങൽ തുടരുന്നുത്.
5. ആഗോള എഐ ഓഹരികളിലെ മുന്നേറ്റത്തിനുണ്ടായ ഇടിവ്: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ ട്രംപിന്റെ തോൽവി, ഡാറ്റാ സെന്റർ നിക്ഷേപങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് പുനർനിർണയിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചതിനെത്തുടർന്ന് ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ ഓഹരികളിൽ ശക്തമായ ഇടിവുണ്ടായി. ഈ എഐ മുന്നേറ്റത്തിന്റെ മുഖമായി കണക്കാക്കപ്പെട്ടിരുന്ന ദക്ഷിണകൊറിയയുടെ കോസ്പി സൂചിക അഞ്ചു ശതമാനത്തിലധികം തകർന്നു. തായ്വാൻ വെയ്റ്റഡും ജപ്പാന്റെ നിക്കിയും രണ്ടു ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.