Kerala
കൊച്ചി: കൈക്കൂലി കേസില്‍ റവന്യു ഉദ്യോഗസ്ഥരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ സബ് രജിസ്ട്രാര്‍ എം.കെ. മധുസൂദനന്, ജോയിന്റ് സബ് രജിസ്ട്രാര്‍ കെ.ഒ. ഫസലുദ്ദീന്‍, പ്യൂണ്‍ ഹരിദാസന് നായര്‍ എന്നിവരുടെ ശിക്ഷയാണ് കോടതി ശരിവച്ചത്.
രജിസ്റ്റര്‍ ചെയ്ത ആധാരം ലഭിക്കുന്നതിന് ആധാരം എഴുത്തുകാരിയായ ബിന്ദു തങ്കപ്പന് വഴി കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
രണ്ടു വര്‍ഷം വീതം കഠിന തടവിനും, 5000 രൂപ പിഴ ഒടുക്കുന്നതിനും, പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു മാസം കൂടി കഠിനതടവിനും, ഔദ്യോഗിക കൃത്യവിലോപത്തിന് മൂന്നു വര്‍ഷം വീതം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം മൂന്ന് മാസം കൂടി കഠിന തടവിനുമായിരുന്നു ശിക്ഷ.
ഉദ്യോഗസ്ഥരെയും ആധാരം എഴുത്തുകാരനെയും ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് രണ്ടു വര്‍ഷം വീതം കഠിനതടവിനും 5000 രൂപ പിഴ ഒടുക്കുന്നതിനും, പിഴ ഒടുക്കാത്ത പക്ഷം രണ്ട് മാസം കൂടി തടവിനും ശിക്ഷിച്ചിരുന്നു. ഇതിനെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റീസ് എ. ബദറുദ്ദീന്‍ തള്ളി, കൈക്കൂലി വാങ്ങിയ കുറ്റത്തിനുള്ള ശിക്ഷ ആറ് മാസമായും, ഔദ്യോഗിക കൃത്യവിലോപത്തിനും, ഗൂഢാലോചനയ്ക്കുമുള്ള ശിക്ഷ ഒരു വര്‍ഷം വീതമായും കുറവും ചെയ്തു.
പരാതിക്കാരനായ ആലപ്പുഴ പൊള്ളേപറമ്പില്‍ ജോണ്‍ വര്‍ഗീസില്‍നിന്ന് ആധാരം എഴുത്തുകാരന് വാങ്ങിയ 3000 രൂപയില്‍ സബ് രജിസ്ട്രാര്‍ വാങ്ങിയ 1000 രൂപയും ജോയിന്റ് സബ് രജിസ്ട്രാറുടെ പക്കൽനിന്ന് 500 രൂപയും, പ്യൂണില്‍ നിന്ന് 1500 രൂപയും വിജിലന്‍സ് കണ്ടെടുത്തിരുന്നു.
അഴിമതിക്ക് ഗൂഢാലോചന നടത്തുന്നതും അഴിമതി നിരോധന നിയമത്തില്‍ ഉൾപ്പെടുത്താൻ കേന്ദ്ര നിയമ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്കി. വിജിലന്‍സിനു വേണ്ടി സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍ എ. രാജേഷ്, സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ എസ്. രേഖ എന്നിവര്‍ ഹാജരായി.