കോട്ടയം: ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി കോടിമത രണ്ടാം പാലം തുറന്നു. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് പാലം ഉദ്ഘാടനം ചെയ്തത്. റോഡ് നിര്‍മാണത്തില്‍ ജല അഥോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശാശ്വത പരിഹാരം കാണാന്‍ 20ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്ന് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു.
പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം വേണം. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പടെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഞ്ഞിക്കുഴി മേല്‍പ്പാലം യാഥാര്‍ഥ്യമാക്കണമെന്ന് സ്പീക്കര്‍ പൊതുമരാമത്ത് മന്ത്രിയോട് അഭ്യര്‍ഥിച്ചു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, കോട്ടയം നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ പുന്നന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വര്‍ഗീസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
നാട്ടകം ഭാഗത്തുള്ള പാലത്തിന്റെ മറുകരയില്‍നിന്ന് നാടമുറിച്ച് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികള്‍ സമ്മേളനപ്പന്തലില്‍ എത്തിയത്.