ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ ആറ് ഇരകളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്. സോഷ്യൽ മീഡിയായിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചും വ്യക്തിപരമായ അന്തസ് കണക്കിലെടുത്തുമാണ് ഇത്രയും കാലം പേര് വെളിപ്പെടുത്താതിരുന്നത്. പരാതി നൽകിയ ആറ് ഇരകളിൽ ഒരാൾ ഞാനാണ്. ഞങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് തുടരുകയാണെന്നും വിനേഷ് പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പേര് വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ യുപിയിലെ ഗോണ്ടയിൽ ഡബ്ല്യുഎഫ്ഐ റാങ്കിംഗ് ടൂർണമെന്റുകളും ട്രയൽസുകളും നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് തുറന്നുപറച്ചിലിന് നിർബന്ധിതയായത്. ബ്രിജ് ഭൂഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളജിലാണ് മത്സരങ്ങൾ നടക്കുന്നത്.
ബ്രിജ് ഭൂഷണെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും സ്പോർട്സ് മന്ത്രാലയവും സർക്കാരും വെറും കാഴ്ച്ചക്കാരായി നിൽക്കുകയാണെന്നും താരം കുറ്റപ്പെടുത്തി. എല്ലാ താരങ്ങൾക്കും തുല്യമായ അവസരം ലഭിക്കണമെന്നും അല്ലാതെ പ്രത്യേക ആനുകൂല്യങ്ങളൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു.