ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വൻ തിരിമറിയും മോഷണവും നടന്നിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ സത്യം തുറന്നുപറയാൻ തനിക്ക് ഭയമാണെന്നും ബിജെപി നേതാവും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ക്ഷേത്ര ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷ്നോഹർപൂരിലെ സ്വന്തം വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബ്രിജ് ഭൂഷൺ സിംഗ് കടുത്ത വെളിപ്പെടുത്തലുകൾ നടത്തിയത്. ക്ഷേത്രത്തിലെ ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാമെന്നും എന്നാൽ നിലവിൽ അത് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞാൻ വളരെ ദുർബലനായ ഒരു വ്യക്തിയാണ്. ഞാൻ സത്യം പറഞ്ഞാൽ വലിയ കുഴപ്പത്തിലാകും, കാരണം അവർ വളരെ ശക്തരായ ആളുകളാണ്. സത്യം തുറന്നുപറയാനുള്ള ധൈര്യം ഇപ്പോൾ എനിക്കില്ല. സമയം വരുമ്പോൾ ഞാൻ കാര്യങ്ങൾ വ്യക്തമാക്കാം."
എന്നാൽ താൻ ഉദ്ദേശിച്ച 'ശക്തരായ ആളുകൾ' ആരാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. രാമക്ഷേത്രത്തിലെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻ ബിജെപി എംപിയുടെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്.