കോഴിക്കോട്: രാസലഹരിക്കെതിരേ ‘സംഗീത് ലെഹര്‍' എന്ന ഒറ്റയാള്‍ സംഗീത കാമ്പയിന് നടത്തിയ അദ്വൈത് എം. ശ്രീ (14)യ്്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം 2025 പുരസ്കാരം.
ചെറുപ്രായത്തില്‍ത്തന്നെ പന്ത്രണ്ടിലേറെ സംഗീതോപകരണങ്ങള്‍ സ്വായത്തമാക്കിയ അദ്വൈത്, സംഗീതത്തെ കേവലം വിനോദത്തിനപ്പുറം സാമൂഹിക ഇടപെടലിനുള്ള ഉപാധിയാക്കിയതാണ് പുരസ്കാരത്തിന് പരിഗണിച്ചത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ അദ്വൈത് മാധ്യമപ്രവര്ത്തകന് മിതോഷ് ജോസഫിന്റെയും കേരള ആരോഗ്യസര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.എം. ശ്രീയുടെയും മകനാണ്. തൃശൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് അദ്വൈത്.
നാലാം വയസില്‍ കളിപ്പാട്ടമായി ലഭിച്ച കീബോര്‍ഡില്‍ സിനിമാഗാനങ്ങള്‍ വായിച്ചുതുടങ്ങിയതാണ് സംഗീതലോകത്തേക്കുള്ള ചുവടുവയ്പ്. പിന്നീട് സ്വന്തമായി് കീബോര്‍ഡ്, ഗിറ്റാര്‍, കീറ്റാര്, യുകുലേലെ, ബീറ്റ്ബോക്സ്, കസൂ, ഒക്കറിന, പിയാനോ, ഹാര്‍മോണിക്ക, മെലോഡിക്ക, മൗത്ത് ഓര്‍ഗന്‍, ഹാര്‍മോണിയം തുടങ്ങിയ ഉപകരണങ്ങളില്‍ പ്രാവീണ്യം നേടി. തബലയില്‍ പിതാവില്‍നിന്ന് പ്രാഥമിക പരിശീലനം ലഭിച്ചു. പിന്നീട് പ്രശസ്ത തബലിസ്റ്റ് ആനന്ദ് കൃഷ്ണന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. പിയാനോയിലും ഗിറ്റാറിലും റെയ്നോള്‍ഡ് സ്കൂള്‍ ഓഫ് മ്യൂസിക്കിലെ പ്രമോദ് റെയ്നോള്‍ഡിന്റെ കീഴില്‍ പരിശീലനവും നേടി. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ പ്രശസ്ത ഗായിക സുനിതമോഹന്ദാസ് ആണ് ഗുരു.
പഴയ മലയാളം ഗാനങ്ങള്‍ മുതല്‍ പുതിയ സിനിമാഗാനങ്ങള്‍ വരെ വ്യത്യസ്ത സംഗീതോപകരണങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് അദ്വൈതിന്റെ പ്രത്യേകത. കീറ്റാറിലെ പ്രകടനത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ ഉൾപ്പെടെ പ്രശംസയും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അദ്വൈത് കലാവാസനകളെ ഉപയോഗിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അര്‍ബുദ, രക്തജന്യ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കായി 'പുനര്‍ജനി' എന്ന പേരില്‍ സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു.