കോട്ടയം: ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപിക വിദ്യാഭ്യാസ രംഗത്തെ അതികായരായ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററുമായി കൈകോര്‍ത്ത് മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായമൊരുക്കുന്നു. ലൈറ്റിംഗ് ദ ബ്രില്യന്റ്സ് എന്ന പേരിലുള്ള പദ്ധതിയിലൂടെ 140 വിദ്യാര്‍ഥികള്‍ക്ക് ബ്രില്യന്റില് സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം ലഭിക്കും.
140-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ദീപിക നടപ്പാക്കുന്ന ദീപ്ത സ്പർശം പദ്ധതിയുടെ ഭാഗമായാണ് ലൈറ്റിംഗ് ദ ബ്രില്യന്റ്സ് പദ്ധതി നടപ്പാക്കുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ദീപികയുടെ വരിക്കാര്‍, ഏജന്റുമാര്‍, ജീവനക്കാര്‍ എന്നിവരുടെ മക്കള്‍ക്കാണു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പഠനത്തില്‍ മികവു പുലര്‍ത്തുന്നവരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ കുട്ടികളെ ലക്ഷ്യമിട്ടാണു പദ്ധതി.
എന്താണ് ആനുകൂല്യം
തെരഞ്ഞെടുക്കപ്പെടുന്ന 140 വിദ്യാര്‍ഥികള്‍ക്ക് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ നീറ്റ്, ജെഇ, കീം, ഫൗണ്ടേഷന് കോഴ്സുകളില്‍ ഏതിലും ചേരാവുന്നതാണ്. ഇവര്‍ക്ക് 50 ശതമാനം ട്യൂഷന് ഫീ ഇളവും സ്കോളര്‍ഷിപ്പും ലഭിക്കും. കേരളത്തിലെ പ്രഫഷണല്‍ എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് 40 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രില്യന്റില് പഠിക്കാന്‍ ലഭിക്കുന്ന ഈ അവസരം സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വലിയ അനുഗ്രഹമാകും.
എങ്ങനെ അപേക്ഷിക്കാം
2027 മാര്‍ച്ച് 31നകം ബ്രില്യന്റില് അഡ്മിഷന് എടുക്കുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. താത്പര്യമുള്ളവര്‍ വിദ്യാര്‍ഥിയുടെ ഫോട്ടോ, ആധാര്‍ കാര്‍ഡ്, ഒമ്പത്, 10 ക്ലാസ് മാര്‍ക്ക് ലിസ്റ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ദീപികയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം അപേക്ഷിക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം
മാനേജര്‍ (അഡ്മിനിസ്ട്രേഷന്) ദീപിക, കോട്ടയം 686001.
140 വര്‍ഷത്തെ വിശ്വാസ്യതയുമായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ ദീപിക ശതോത്തര റൂബി ജൂബിലി വേളയില്‍ ഒരു കുട്ടിയുടെ സ്വപ്നത്തിനും പണം തടസമാകരുത് എന്ന ചിന്തയില്‍നിന്നാണ് ഈ പദ്ധതിക്ക് തുടക്കമിടുന്നത്.
മിടുക്കരായ കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ ദീപികയും പാലാ ബ്രില്യന്റും ചേര്‍ന്നൊരുക്കുന്ന ഈ വിജ്ഞാന ദീപം നാടിന് മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ദീപിക ഓഫീസുമായി ബന്ധപ്പെടുക.