ലണ്ടൻ: സയൻസ് ഫിക്ഷന്‍ ആദ്യമായി ആദരവ്. എൺപത്തൊന്നാം വയസിൽ ഏറ്റവും പ്രായം കൂടിയ പുരസ്കാര ജേതാവ്. ഇത്തവണത്തെ ബുക്കർ സമ്മാനത്തിന് സവിശേഷതയേറെ. ബ്രിട്ടീഷ് എഴുത്തുകാരനായ എം. ജോൺ ഹാരിസൺ ആറു പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യ സപര്യയുടെ ഉജ്വലമുഹൂർത്തത്തിലാണിപ്പോൾ.
അദ്ദേഹത്തിന്റെ പതിമൂന്നാമത് നോവലായ ‘ദി എന്‍ഡ് ഓഫ് എവരിതിംഗ്’ എന്ന കൃതിയാണ് സമ്മാനാർഹമായത്. 50,000 ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 53 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പുരസ്കാര തുക. മേരി ബിയേര്‍ഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഏകകണ്ഠമായാണ് ഈ കൃതി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ഡഗ്ലസ് സ്റ്റുവര്‍ട്ടിന്റെ ജോണ്‍ ഓഫ് ജോണ്‍, മാര്‍ലോണ്‍ ജയിംസിന്റെ ദ ഡിസപ്പിയറേഴ്സ്, എലിസബത്ത് സ്ട്രൗറ്റിന്റെ ദ തിംഗ്സ് വി നെവര്‍ സെ, ലൂക് കെന്നഡിന്റെ ബ്ലാക്ക് ബാഗ്, റെബേക്ക പെറിയുടെ മേ വി ഫീഡ് ദ കിംഗ് എന്നീ മികച്ച കൃതികളുമായി പോരാടിയാണ് അവസാന ചുരുക്കപ്പട്ടികയിൽനിന്ന് ദി എന്‍ഡ് ഓഫ് എവരിതിംഗ് മുന്നിലെത്തിയത്.
സൂക്ഷ്മവും ദാർശനികവുമാണ് ഹാരിസന്റെ ഭാഷാശൈലി. മനുഷ്യന്റെ ആന്തരിക ലോകത്തിനാണ് അദ്ദേഹത്തിന്റെ മുൻഗണന. യാഥാർഥ്യവും ഫാന്റസിയും തമ്മിലുള്ള വേർതിരിവ് മാഞ്ഞുപോകുന്ന അനുഭവം സമ്മാനിക്കുന്ന എഴുത്ത്. ആക്ഷനും ദുരന്തവും ബഹളവും നിറഞ്ഞ പതിവ് സയൻസ് ഫിക്ഷൻ ശൈലിയല്ല ദി എന്‍ഡ് ഓഫ് എവരിതിംഗ് എന്ന പുസ്തകത്തിൽ. വ്യക്തിബന്ധങ്ങളെ മുൻനിർത്തിയുള്ള ശാന്തമായ ഒഴുക്ക് നൽകുന്ന വായനാസുഖം ഈ കൃതിയെ മുൻപന്തിയിലെത്തിച്ചു. സയൻസ് ഫിക്ഷനെങ്കിലും ഉദാത്ത കൃതികൾ തേടുന്നവർക്കും ഇത് പ്രിയപ്പെട്ടതാകുന്ന വ്യത്യസ്തമായ ശൈലികൊണ്ടാണ്.
ആറു പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതം ഹാരിസന്റെ സ്ഥാനം വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. സയൻസ് ഫിക്ഷൻ, ഡാർക്ക് ഫാന്റസി, ഹൊറർ എന്നിവയുടെ സമ്മിശ്ര രൂപമായ, ‘ന്യൂ വിയേഡ് (New Weird)’ എന്നറിയപ്പെടുന്ന സാഹിത്യ ശാഖയുടെ പ്രധാന വക്താവാണ് ജോൺ ഹാരിസൺ.
മനുഷ്യന്റെ നിലനിൽപ്പ്, ഓർമകൾ, പ്രകൃതിയോട് മനുഷ്യനുള്ള ബന്ധം ഇവയൊക്കെ ഈ നോവലിൽ ആഴത്തിൽ പരിശോധിക്കുന്നു. ദുരന്താനന്തരം ഈ ഭൂമിയിലെ മനുഷ്യരാശിയുടെ നിലനില്‍പ്പാണ് നോവലിന്റെ കാതൽ. സാങ്കേതികവിദ്യയുടെയും പ്രകൃതിയുടെയും മാറ്റങ്ങള്‍ മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന നിഗൂഢമായ ആഘാതങ്ങൾക്കു ചുറ്റുമാണ് പ്രമേയം വികസിക്കുന്നത്. ലോകം അവസാനിക്കാൻ പോകുമ്പോഴും മനുഷ്യൻ സൂക്ഷിക്കുന്ന അതിജീവന ത്വരയെയും വികാരങ്ങളെയും ഈ നോവൽ ആഴത്തിൽ വിശകലനം ചെയ്യുന്നു.
ക്ലൈംബേഴ്സ്-1989, നോവ സ്വിംഗ്-2006, ദ സങ്കൻ ലാൻഡ് ബിഗിൻസ് ടു റൈസ് എഗെയ്ൻ-2020, വിരികോണിയം പരമ്പര, യു ഷുഡ് കം വിത്ത് മി നൗ-2017 എന്നിവയാണ് എം. ജോൺ ഹാരിസൺന്റെ ശ്രദ്ധേയമായ മറ്റു പുസ്തകങ്ങൾ.
ഇംഗ്ലണ്ടിലെ വാർവിക്ഷയറിലെ റഗ്ബിയിൽനിന്ന് സാധാരണ കുടുംബപശ്ചാത്തലത്തിൽനിന്നാണ് ജോൺ ഹാരിസൺ വരുന്നത്. പല ജോലികളും ചെയ്തശേഷമാണ് അദ്ദേഹം മുഴുവൻ സമയ എഴുത്തുകാരനാകുന്നത്. ലൈബ്രേറിയൻ, കുതിരലായങ്ങളിലെ തൊഴിലാളി, സാഹിത്യനിരൂപകൻ, സാഹിത്യ പത്രപ്രവർത്തകൻ എന്നീ നിലകളിലൊക്കെ അദ്ദേഹം പ്രവർത്തിച്ചു.
യൗവനകാലത്ത് അദ്ദേഹത്തിന്റെ ആവേശമായിരുന്നു മലകയറ്റം. കായികാധ്വാനവും ഏകാന്തതയും നിറഞ്ഞ ആ അനുഭവങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ അനുഭവങ്ങൾ പിന്നീട് ക്ലൈംബേഴ്സ് എന്ന നോവലിൽ അദ്ദേഹം പകർത്തിയിട്ടുണ്ട്. വെള്ളിവെളിച്ചത്തിൽ ജീവിക്കാനിഷ്ടപ്പെടാത്ത അദ്ദേഹത്തിന്റെ എഴുത്തിനെ അംഗീകരിച്ചതോടെ ബുക്കർ സമ്മാനവും സ്വയം ഉയരുകയാണ്.