പാലക്കാട്: കായികരംഗത്തെ മികവും പ്രതിഭയും തൊട്ടറിഞ്ഞ കുടുംബത്തിൽനിന്ന് റിക്കാർഡ് പുസ്തകത്തിലേക്ക് ഒരു കൊച്ചു മിടുക്കികൂടി. കഞ്ചിക്കോട് അട്ടപ്പള്ളം സ്വദേശികളായ അനിൽകുമാറിന്റെയും ജിജിമോളുടെയും മകൾ അഗ്നിയാണ് അപൂർവനേട്ടം സ്വന്തമാക്കിയത്.
ഒരു വയസും എട്ടു മാസവും മാത്രം പ്രായമുള്ളപ്പോൾ 50 മീറ്റർ റേസ് വെറും 32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അഗ്നി ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും കേരള ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംപിടിച്ച് അപൂർവനേട്ടം കരസ്ഥമാക്കിയത്.
കഴിഞ്ഞ ജൂലൈ രണ്ടിനാണ് അഗ്നി പാലക്കാട് മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ 50 മീറ്റർ 32 സെക്കൻഡിൽ ഓടിയത്. ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് അധികൃതർക്ക് അയച്ചിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിലാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ ഐബിആർ അച്ചീവർ സർട്ടിഫിക്കറ്റും മെഡലും അഗ്നിക്ക് ലഭിച്ചത്. ഇതോടൊപ്പം കേരള ബുക്ക് ഓഫ് റിക്കാർഡ്സിന്റെ വണ്ടർകിഡ് റണ്ണർ എന്ന നേട്ടവും അഗ്നിക്ക് സ്വന്തമായി.
വീട്ടിലെ അത്ലറ്റിക് പാരന്പര്യത്തിന്റെ പിൻതുടർച്ചക്കാരിയാണ് അഗ്നി. അമ്മയുടെ അനിയത്തി വിഷ്ണുപ്രിയ അർജന്റീനയിൽ നടന്ന യൂത്ത് ഒളിന്പിക്സിൽ ഇന്ത്യക്കായി ഹർഡിൽസിൽ മത്സരിച്ചിട്ടുണ്ട്.