ശ്രീനഗർ: മധ്യകാഷ്മീരിലെ ബുദ്ഗാമിൽ ചൊവ്വാഴ്ച സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ പാക് സൈന്യത്തിലെ പ്രത്യേക വിഭാഗമായ എസ്എസ്ജി (സ്പെഷ്യൽ സർവീസ് ഗ്രുപ്പ്) മുൻഅംഗം.
മുൻ പാക് പ്രസിഡന്റ് പർവേഷ് മുഷാറഫിന്റെ സുരക്ഷാസംഘത്തിലും കൊല്ലപ്പെട്ട ഹാഷിം മൂസ എന്നറിയപ്പെടുന്ന മുഹമ്മദ് ആസിഫ് അംഗമായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ബുദ്ഗാം യൂസ്മാര്‍ഗിലുള്ള കൊറാഗിൽ കരസേനയും ജമ്മു കാഷ്മിർ പൊലിസും സിആര്‍പിഎഫും ചേര്‍ന്നു നടത്തിയ സൈനികനീക്കത്തിൽ മുഹമ്മദ് ആസിഫിനെ വധിച്ചത്.
ഫൗജി, സുലൈമാൻ ഷാ തുടങ്ങിയ വ്യാജപേരിലും അറിയപ്പെട്ടിരുന്ന മുഹമ്മദ് അസിഫ് 2021 ലാണ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്.
മേഖലയിലെ ലഷ്കർ ഇ ത്വയ്ബ ചീഫ് ഓപ്പറേഷൻ കമാൻഡർ പദവി വഹിച്ചിരുന്ന ഇയാളെ സുരക്ഷാസേന അഞ്ചുവർഷമായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.