ലക്നോ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നയിച്ച രഥയാത്രയ്ക്കിടെ ബുൾഡോസറിടിച്ച് ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം. ഗോരഖ്പുരിലുണ്ടായ സംഭവത്തിൽ ആര്യവർധൻ സിംഗ് (14) ആണ് മരിച്ചത്. സംഭവത്തിൽ അഖിലേഷ് യാദവിനെതിരെയും രഥ യാത്രയുടെ സംഘാടകർക്കെതിരെയും നരഹത്യക്കേസ് ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
രഥയാത്രയ്ക്കിടെ പുഷ്പവൃഷ്ടി നടത്തുകയായിരുന്ന ബുൾഡോസറാണ് കുട്ടിയെ ഇടിച്ചതെന്ന് പിതാവ് ഓംകാർ സിംഗ് ആരോപിച്ചു. അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം മുന്നോട്ടുപോയതിന് പിന്നാലെ അമിതവേഗത്തിലെത്തിയ ബുൾഡോസർ പിന്നിൽനിന്ന് മകനെ ഇടിക്കുകയായിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ പുഷ്പാർച്ചനയ്ക്കായി ബുൾഡോസർ ഏർപ്പാടാക്കിയിരുന്നില്ലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.
ഇല്ലാത്ത കേസുകളുണ്ടാക്കുന്നത് ബിജെപിയുടെ സ്ഥിരം സ്വഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.സംഭവത്തെത്തുടർന്ന് ഗോരഖ്പുർ എംഎൽഎ എൻജിനീയർ സർവൻ നിഷാദ് കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്ന് മന്ത്രി ഡോ. സഞ്ജയ് നിഷാദ് നിർദേശം നൽകി.