താനെ: മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയിൽ ആദ്യ സ്റ്റീൽ പാലം സ്ഥാപിച്ചു. 100 മീറ്റർ നീളവും 1,405 മെട്രിക് ടണ്‍ ഭാരവുമുള്ള പാലം താനെ ജില്ലയിലെ ഭീവണ്ടി മേഖലയിലെ ദിവെഅഞ്ജൂർ ഗ്രാമത്തിനു സമീപം ദേശീയപാത-3ന് മുകളിലാണ് സ്ഥാപിച്ചത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള പ്രത്യേക വർക്ക്ഷോപ്പിൽ നിർമിച്ച പാലം 1,300 കിലോമീറ്റർ ദൂരം ഹെവി ട്രെയിലറുകളിലാണു താനെയിലെത്തിച്ചത്. സ്ഥലത്തെത്തിച്ച ശേഷം ഘടകങ്ങൾ കൂട്ടിച്ചേർത്ത് പാലം സ്ഥാപിക്കുകയായിരുന്നു. 14 മീറ്റർ ഉയരവും 14 മീറ്റർ വീതിയുമുള്ള പാലം തിങ്കളാഴ്ച രാത്രിയാണ് ദേശീയപാതയ്ക്കു മുകളിലേക്ക് ഉയർത്തി സ്ഥാപിച്ചത്. വാഹനഗതാഗതത്തെ പരമാവധി ബാധിക്കാതിരിക്കാനായി രാത്രിയിലെ നിശ്ചിത ട്രാഫിക് ബ്ലോക്കിനിടെയാണ് പാലം സ്ഥാപിക്കുന്ന സങ്കീർണമായ പ്രവൃത്തി പൂർത്തിയാക്കിയത്. ഓട്ടോമേറ്റഡ് സംവിധാനത്തിന്റെ സഹായത്തോടെയാണ് പാലം കൃത്യസ്ഥാനത്തേക്ക് നീക്കിയത്.
ദീർഘകാല ഉപയോഗം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പെയിന്റിംഗ് സംവിധാനവും പ്രകന്പനം നിയന്ത്രിക്കുന്ന എലാസ്റ്റോമെറിക് ബെയറിംഗുകളും പാലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയിൽ ആകെ 28 സ്റ്റീൽ പാലങ്ങളാണ് നിർമിക്കുന്നത്. ഇതിൽ 16 പാലങ്ങളുടെ നിർമാണം പൂർത്തിയായതായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ലഭ്യമായ സാങ്കേതികവിദ്യയും വസ്തുക്കളും ഉപയോഗിച്ചാണ് പാലം നിർമിച്ചത്.
മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് 508 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യത്തെ ആദ്യ അതിവേഗ റെയിൽ പാതയാണു പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്.