കോൽക്കത്ത: പശ്ചിമ ബംഗാളിലെ റെയിൽവേ ശൃംഖലയുടെ മുഖച്ഛായ മാറുന്നു. 61 പദ്ധതികൾക്കായി ഒരു ലക്ഷം കോടി രൂപയുടെ അംഗീകാരം കേന്ദ്രം നൽകി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ന്യൂഡൽഹിയെയും വടക്കൻ ബംഗാളിലെ സിലിഗുരിയെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ ഉടൻ ആരംഭിക്കും. ഇതോടൊപ്പം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 60 പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
പുതുതായി 538 ഫ്ലൈഓവറുകളും അണ്ടർപാസുകളും നിർമിക്കും. സംസ്ഥാനത്തെ 102 റെയിൽവേ സ്റ്റേഷനുകളെ അത്യാധുനിക സൗകര്യങ്ങളോടെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കോൽക്കത്ത മെട്രോയ്ക്ക് 60 പുതിയ റെയ്ക്കുകൾ അനുവദിക്കും.
ബംഗാളിലെ ദാൻകുനിയെയും ഗുജറാത്തിലെ സൂറത്തിനെയും ബന്ധിപ്പിക്കുന്ന കിഴക്ക് - പടിഞ്ഞാറ് ചരക്കുനീക്ക ഇടനാഴി യാഥാർഥ്യമാക്കും. ഇനി ജനങ്ങൾക്ക് ഡബിൾ എൻജിൻ സർക്കാരിന്റെ പൂർണ പ്രയോജനം ലഭിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
Tags : bengal project Bullet Train Delhi Siliguri