തിരൂര്‍: യന്ത്രവാഹനങ്ങള്‍ക്ക് വഴിമാറി ചരിത്രത്തിന്റെ ഭാഗമായ കാളവണ്ടി യുഗത്തിലെ അവസാനത്തെ വണ്ടിക്കാരന് നാടിന്റെ ആദരം.
തിരൂര്‍ താലൂക്കിലെ അവസാന കാളവണ്ടിക്കാരനായ തിരുനാവായ എടക്കുളം കുന്നുംപുറത്തെ തെക്കേ പീടിയേക്കല്‍ അഹമ്മദ് എന്ന ബാവയെയാണ് (77) സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗ പ്രവര്‍ത്തകര്‍ ആദരിച്ചത്. തിരൂരിലും പരിസര പ്രദേശങ്ങളിലും കാളവണ്ടി സര്‍വീസ് നിലച്ചിട്ട് മൂന്നര പതിറ്റാണ്ടായി. ഏഴാം വയസില്‍ വണ്ടിപിടുത്തം തുടങ്ങിയ അഹമ്മദ് ബാവ, 42-ാം വയസ് വരെ തോണിമാര്ഗവും റെയില്‍വേ വഴിയും തിരൂരിലെത്തുന്ന ചരക്കുകള്‍ ഉള്‍ഗ്രാമങ്ങളില്‍ എത്തിച്ചിരുന്നു.
പഞ്ചായത്ത് ലൈസന്‍സോടെയായിരുന്നു വണ്ടികള്‍ ഓടിച്ചിരുന്നത്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിന്നുള്ള ഓട് നീക്കത്തിനും സവാരിക്കുമെല്ലാം അക്കാലത്ത് കാളവണ്ടികളായിരുന്നു ആശ്രയം. റീ-എക്കൗ പ്രസിഡന്റ് പൂവത്തിങ്കല്‍ റഷീദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് എംവിഐ സൂര്‍പ്പില്‍ മുഹമ്മദ് അഷ്റഫ് അഹമ്മദ് ബാവയെ ആദരിച്ചു. മാമാങ്കം ട്രസ്റ്റ് ചെയര്മാന് സി.പി.എം. ഹാരിസ്, വാര്‍ഡ് അംഗം വെള്ളാടത്ത് റസീന, ചിറക്കല്‍ ഉമ്മര്‍, എം.കെ. സതീഷ് ബാബു, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.