ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക "ബുർക്സാ' പ്രകാശനം ചെയ്തു. ലണ്ടനിലെ ടോൾവർത്ത് ഇമ്മാക്കുലേറ്റ് പള്ളിയിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് ബ്രിട്ടനിലെ വത്തിക്കാൻ നൂൺഷ്യോ മാർ മിഗ്വേൽ മൗറി ബുവെൻഡിയോക്ക് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്.
വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ് മാർ റിച്ചാർഡ് മോത്ത്, ബിർമിംഗ്ഹാം ആർച്ച്ബിഷപ് മാർ ബെർണാഡ് ലോംഗ്ലി, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, നോട്ടിംഗ്ഹാം രൂപതാധ്യക്ഷൻ മാർ പാട്രിക് മാക്വിന്നി, വെസ്റ്റ്മിൻസ്റ്റർ രൂപത സഹായ മെത്രാൻ മാർ ജെയിംസ് കെറി, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് കാത്തലിക് ബിഷപ്സ് കൗൺസിൽ സെക്രട്ടറി കാനൻ വില്യം അഗ്ലി, ബ്രിട്ടനിലെ വത്തിക്കാൻ അപ്പൊസ്തലിക് നൂൺഷിയേച്ചർ സെക്രട്ടറി ഹെഡ് ഓഫ് മിഷൻ മോൺസിഞ്ഞോർ ആന്റെ വിദോവിഷേ എന്നിവരും സന്നിതരായിരുന്നു.
കഴിഞ്ഞ പത്ത് വർഷങ്ങളിൽ രൂപത കൈവരിച്ച നേട്ടങ്ങളും പ്രവർത്തനങ്ങളും കഴിഞ്ഞ ഒരു ദശാബ്ദ കാലം രൂപതയ്ക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളുടെയും അടയാളമായാണ് ഈ സ്മരണിക തയാറാക്കിയിരിക്കുന്നത്.
സീറോമലബാർ സഭയുടെ തനിമയും സംസ്കാരവും വെളിവാക്കുന്ന, സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആത്മീയത, ശിക്ഷണ ക്രമം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലുള്ള ഈടുറ്റ ലേഖനങ്ങൾ, ലെയോ പതിനാലാമൻ മാർപാപ്പ ഉൾപ്പടെ ഉള്ള സഭാ പിതാക്കന്മാരുടെ സന്ദേശങ്ങൾ എന്നിവ എല്ലാം ഉൾപ്പെടുത്തി തയാറാക്കിയ ഈ സ്മരണിക വരും കാലങ്ങളിൽ ഒരു റഫറൻസ് ഗ്രന്ഥമായി മാറുന്ന രീതിയിൽ ആണ് തയാറാക്കിയിരിക്കുന്നത്.