കോട്ടയം: നിയമാനുസരണം സര്‍വീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ബസുകളെ തകര്‍ത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ കടന്നുകയറ്റം. ജില്ലയില്‍ നിന്നും മലബാര്‍ മേഖലകളിലേക്ക് ഉള്‍പ്പടെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കാണ് ഇതു വലിയ വരുമാന നഷ്ടത്തിനിടയാക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചു പെര്‍മിറ്റ് എടുത്ത് റെഡ് ബസ് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റേജ് കാര്യേജ് ബസുകള്‍ക്കാണു അനധികൃത സര്‍വീസ് ഭീഷണിയാകുന്നത്. മധ്യകേരളത്തില്‍ നിന്നും മലബാര്‍ മേഖലയിലേക്കു പെര്‍മിറ്റുള്ള സ്വകാര്യ ബസുകളുടെ ഉടമകളാണ് ഇതു സംബന്ധിച്ചു പരാതിയുമായി മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ദൂരപരിധി ചൂണ്ടിക്കാണിച്ച് ഇത്തരം ദീര്‍ഘദൂര സ്റ്റേജ് കാര്യേജ് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും നല്‍കാതിരിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ഇത്തരം ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിയതോടെയാണ് കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ അനധികൃത സര്‍വീസുകളും ആരംഭിച്ചത്.
നാഗാലാൻഡ് ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബസുകളാണ് അനധികൃതമായി സര്‍വീസ് നടത്തുന്നത്. വിവിധ പേരുകളിലായി മധ്യകേരളത്തില്‍ നിന്ന് 20ല്‍പ്പരം സര്വീസുകളാണുള്ളതെന്നു സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ആവശ്യത്തിനു യാത്രക്കാരില്ലെങ്കില്‍ സർവീസ് റദ്ദാക്കുന്നതും അനധികൃത സര്‍വീസുകളുടെ പതിവാണെന്നു യാത്രക്കാര്‍ പരാതിപ്പെടുന്നു.
പല അനധികൃത ഇടപാടുകള്‍ക്കും ഇത്തരം സര്‍വീസുകള്‍ മറയാക്കുന്നതായും പരാതികളുണ്ട്. അനധികൃതമായി സർവീസ് നടത്തുന്ന ബസുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കോട്ടയം - പാണത്തൂര്‍ - വെള്ളരിക്കുണ്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഉടമയും പ്രവാസി മലയാളിയുമായ കെ.ടി. തോമസ് ഗതാഗതമന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിക്ക് മന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.