തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് സ്വർണം കവർന്നതിന് പിന്നിൽ ബിസിനസ് വൈരാഗ്യമെന്ന് പൊലിസ്. നന്ദകുമാറിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലാണ് കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നാണ് കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടത്തിയ കവർച്ചയിൽ രണ്ട് ജ്വല്ലറി ഉടമകൾ അടക്കം ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കിന്റെ ചിത്രം പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്സാപ്പ് ഡിപിയിൽ കണ്ടതാണ് നിർണായകമായത്.
ബിസിനസ് വളർച്ചയിലെ വൈരം കാരണം സുഹൃത്തിന്റെ ചതിയാണ് ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലിന്റെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചന. കായംകുളത്തെ ഒരു വ്യാപാരിക്ക് വലിയ അളവിൽ സ്വർണം വിൽക്കാൻ നന്ദകുമാർ പദ്ധതിയിടുന്ന വിവരം പ്രതികൾക്ക് ലഭിച്ചിരുന്നു.
അമോലും നന്ദകുമാറും മാഹാരാഷ്ട്രയിൽ നിന്നും വർഷങ്ങള്ക്കു മുമ്പ കേരളത്തിലെത്തി സ്വർണ ബിസിനസ് തുടങ്ങിയവരാണ്. അമോലിന്റെ വീടിനുടത്തുള്ള കെട്ടിടത്തിലെ ചെറിയ കടമുറയിലാണ് നന്ദകുമാർ സ്വർണ കച്ചവടം ചെയ്തിരുന്നത്. എന്നാൽ നന്ദകുമാറിന്റെ പെട്ടെന്നുള്ള വളർച്ച സുഹൃത്തിനെ അസ്വസ്ഥനാക്കി. കൂടുതൽ വില നൽകി നന്ദകുമാർ ചെറിയ ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം വാങ്ങി പുതുക്കി വിൽപ്പന നടത്തിയിരുന്നു. വൻകിട ഇടപാടുകാർക്ക് കടത്തിന് സ്വർണം നൽകിയോടെ കൂടുതൽ പേർ നന്ദകുമാറിനെ തേടിയെത്തി. ഇത് അമോലിനെ മാത്രമല്ല മറ്റ് പലരെയും ശത്രുക്കളാക്കി.