കൊച്ചി: നിലവിലുള്ള ബിസിനസ് പ്രക്രിയകളിലേക്ക് നിര്‍മിതബുദ്ധി (എഐ) സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ക്കുന്നതിനു പകരം എഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി പ്രവര്ത്തനരീതികള്തന്നെ പുനർരൂപകല്പന ചെയ്യണമെന്നു കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്.
എഐയുടെ യഥാര്‍ഥ മൂല്യം സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ മാത്രമല്ല, അതിലൂടെ ബിസിനസ് പ്രക്രിയകളില്‍ വരുത്തുന്ന മാറ്റങ്ങളിലും സൃഷ്ടിക്കുന്ന ഫലങ്ങളിലുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന് ഡിജിറ്റല്‍ സമ്മിറ്റ് 2026 ലുലു ട്വിന്‍ ടവറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിഗത ആവശ്യങ്ങള്‍ക്കായി എഐ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ബിസിനസ് മേഖലയില്‍ അതിന്റെ നേട്ടങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കുന്നില്ലെന്ന് ഡോ. സജി പറഞ്ഞു.
കെഎംഎ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനില്‍ ക്രൗഡ്സ്ട്രൈക്ക് ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് വൈസ് പ്രസിഡന്റ് രാജേഷ് മേനോന് പ്രസംഗിച്ചു. ടോം ജോർജ് സ്വാഗതവും ലേഖ ബാലചന്ദ്രന് നന്ദിയും പറഞ്ഞു.