തിരുവല്ല: ബൈപസ് അവസാനിക്കുന്ന ബൈപാസ് ജംഗഷൻ റോഡ് തകർച്ച തുടർക്കഥയായിട്ടും ബന്ധപ്പെട്ടവരുടെ അനാസ്ഥ തുടരുന്നു.
കഴിഞ്ഞ കുറെനാളായി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അറ്റകുറ്റപ്പണികൾ നടത്തി തലയൂരുന്ന അധികൃതർ യഥാർത്ഥ പ്രശ്നത്തിന് ഇനിയും പരിഹാരം കാണുന്നില്ല.
ഇതുമൂലം ഗതാഗതക്കുരുക്കിനും റോഡപകടങ്ങൾക്കും ഇടയാകുന്നു. നേരത്തേ തകർന്ന എം.സി റോഡ് ഭാഗം മഴകനത്തതോടെ വലിയകുഴി രൂപപ്പെട്ട് മഴവെള്ളം കെട്ടിക്കിടക്കുകയാണ്.
വെള്ളം ഒഴുകിപ്പോകാനുള്ള മാർഗമില്ലാതെ റോഡ് നിർമിച്ചതിനാൽ സ്ഥിരമായി വെള്ളം കെട്ടിക്കിടന്ന് ടാറും മെറ്റലും ഇളകി വൻഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടം ഇവിടെ നിത്യസംഭവമാണ്.
ഓണം അടുത്തതോടെ വാഹനത്തിരക്കു വർധിച്ചതിനാൽ ഗതാഗത തടസം പതിവാണ്. സിഗ്നൽ മാറിവന്നാലും വാഹനങ്ങളുടെ നീണ്ട നിരമൂലം ഇവിടം കടന്നുപോവാനാവുന്നില്ല. നല്ല നിലവാരത്തിൽ റോഡ് പുനർനിർമാണം നടത്തിയെങ്കിൽ മാത്രമേ വർഷങ്ങളായി തുടരുന്ന കുഴിയും ചെളിവെള്ളം കെട്ടിക്കിടന്നുള്ള റോഡ് തകർച്ചയും അവസാനിപ്പിക്കാനാകൂ.