മട്ടന്നൂർ: മട്ടന്നൂരിൽ വീട്ടിനുള്ളിൽ അമ്മയെയും മകനെയും വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിൽ നന്ദനത്തിലെ സി. ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 10.30 ഓടെ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയ ജ്യോതിയുടെ ഭർത്താവ് കെ.ടി. ജയകൃഷ്ണനാണ് ഇരുവരെയും ചോരയിൽ കുളിച്ചനിലയിൽ കണ്ടത്. വീടിന്റെ മുകളിലത്തെ നിലയിലെ വരാന്തയിലായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. വിവരമറിഞ്ഞ് മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതിനാൽ മൃതദേഹങ്ങൾ തലശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി.
ഇരുവർക്കും കഴുത്തിലും നെഞ്ചിലുമായാണ് വെട്ടേറ്റിട്ടുള്ളത്. ഇന്നലെ രാവിലെ ഒമ്പതരയോടെ വീട്ടിൽനിന്ന് ബഹളം കേട്ടതായി അയൽവാസികൾ പറഞ്ഞു. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് ജയകൃഷ്ണന്റെ നിലവിളി കേട്ട് ഓടിച്ചെല്ലുന്നത്. വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികൾ പറയുന്നത്.
വെട്ടാനുപയോഗിച്ച കത്തി മുറിയിൽനിന്ന് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പുറത്തുനിന്ന് ആരെങ്കിലും വീട്ടിൽ എത്താനുള്ള സാധ്യത കുറവാണെന്നും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും സ്ഥലത്തെത്തിയ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി പറഞ്ഞു. മകൻ അമ്മയെ കുത്തിക്കൊന്ന ശേഷം സ്വയം കുത്തിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കാവുമ്പടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയാണ് ജ്യോതി. ഈ വർഷമാണ് വിരമിച്ചത്. മകൻ നവീൻ ബികോം പൂർത്തിയാക്കിയശേഷം സിഎ കോഴ്സിന് പഠിക്കുകയാണ്. നവനീത് സഹോദരനാണ്. ഗൃഹനാഥനായ ജയകൃഷ്ണൻ റിട്ട. കെഎസ്ഇബി ജീവനക്കാരനാണ്.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.