ന്യൂഡൽഹി: കേന്ദ്രസർക്കാരിലെ 15 മന്ത്രാലയങ്ങളിലായി 54,282.32 കോടി രൂപ ചെലവഴിച്ചതിന്റെ ഫണ്ട് വിനിയോഗ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടില്ലെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി).
പാർലമെന്റിൽ സമർപ്പിച്ച 2024-25 സാമ്പത്തികവർഷത്തെ റിപ്പോർട്ടിലാണ് കേന്ദ്രത്തിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ ചൂണ്ടിക്കാട്ടുന്നത്. ആകെ 33,973 ഫണ്ട് വിനിയോഗ സർട്ടിഫിക്കറ്റുകളാണ് മന്ത്രാലയങ്ങൾ സമർപ്പിക്കാനുള്ളത്. ഇതിൽ 38,287.52 കോടി രൂപയുടെ 13,926 സർട്ടിഫിക്കറ്റുകൾ കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷങ്ങളിലേതാണ് (2021-22 മുതൽ 2023-24 വരെ).
ഫണ്ട് വിനിയോഗ രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ പ്രധാനം ഭവന-നഗരകാര്യ മന്ത്രാലയവും (18,272.91 കോടി രൂപ) ഉന്നതവിദ്യാഭ്യാസ വകുപ്പുമാണ് (14,359.76 കോടി രൂപ).
ജനങ്ങളുടെ നികുതിപ്പണം ഉദ്ദേശിച്ച ആവശ്യങ്ങൾക്കു തന്നെയാണോ ഉപയോഗിച്ചതെന്ന് ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗമാണിതെന്നും ഇതു പാലിക്കാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.