പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ പുതിയ മന്ത്രിസഭ തീരുമാനമെടുക്കണമെന്ന് സത്യപ്രതിജ്ഞാ ദിനത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശനു മുന്നിൽ പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനേ തുടർന്നു നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് നവീൻ ബാബുവിന്റെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവം ആത്മഹത്യയെന്ന് കാണിച്ചും ആത്മഹത്യ പ്രേരണയ്ക്ക് ദിവ്യയെ പ്രതി ചേർത്ത് പോലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ആത്മഹത്യാ ചെയ്യുവാൻ സാധ്യതയില്ലെന്നും കാണിച്ച് സിബിഐ അന്വേഷണം ആശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിട്ടും എൽഡിഎഫ് സർക്കാർ ശക്തമായ വിയോജിപ്പുമായി മുന്നോട്ട് വന്നതിനേ തുടർന്ന് കോടതി സിബിഐ അന്വേഷണ ആവശ്യം നരാകരിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് ഫയൽ ചെയ്ത അന്തിമ റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന ചില കാര്യങ്ങളിൽ തെളിവ് ശേഖരിച്ച് അതിൻമേൽ തുടർ അന്വേഷണം നടത്തുവാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതി നിലവിൽ ഉത്തരവും നൽകിയിട്ടുണ്ട് ഇതിൽ തന്നെ പോലീസ് അന്വേഷണം ശരിയായ ദിശയിൽ നടന്നിട്ടില്ലെന്നും ഭരണം നടത്തിയ സിപിഎം നേതാക്കൾ അന്വേഷണത്തിൽ ഇടപെട്ടതാണ് ഇതിന് കാരണമെന്നും കുളത്തൂർ ജയ്സിംഗിന്റെ പരാതിയിൽ പറയുന്നു.