കൊച്ചി: പാലക്കാട് ജില്ലയിലെ പെൺകുട്ടിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
13 വര്‍ഷത്തിനിടെ 23 കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തില്‍ സിബിഐ നിലപാട് അറിയിക്കാനും കോടതി ഉത്തരവിട്ടു.
11 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐ അന്വേഷിക്കാനാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിര്‍ദേശം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സിബിഐക്കു കൈമാറാനും വാളയാര്‍ നീതി സമരസമിതി അംഗങ്ങള്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലെ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് ആറിന് പരിഗണിക്കാന്‍ മാറ്റി.
വാളയാര്‍, കസബ, കൊല്ലങ്കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ 2010- 23 കാലയളവില്‍ 23 കുട്ടികള്‍ മരിച്ചത് ദുരൂഹസാഹചര്യത്തിലാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെയും മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെ മക്കളുടെയും മരണം സംബന്ധിച്ചു നടത്തുന്ന അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി എന്തെന്ന് സിബിഐയോട് ആരാഞ്ഞെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് ഉത്തരവില്‍ പറയുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവിയില്‍നിന്നു വിശദാംശങ്ങള്‍ തേടാമെന്നും കേസ് അന്വേഷണത്തെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നും സിബിഐക്ക് കോടതി നിര്‍ദേശം നല്കി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ മാസവും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റി (കെല്‍സ) ചെയര്‍മാനു നല്‍കണം.
കുട്ടികളുടെ അവകാശങ്ങളും ശിശുസംരക്ഷണ നിയമങ്ങളും സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശിശുക്ഷേമ സമിതികള്‍, പോലീസ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് എന്നിവയുടെ ഏകോപനം ഉണ്ടാകണം. തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Tags : Mysterious death girl Palakkad CBI investigation