കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണിന്റെ ആവേശകരമായ കലാശപ്പോരാട്ടം ഇന്ന് കൊല്ലം അഷ്ടമുടിക്കായലില്‍ നടക്കും.
2019ല്‍ ആരംഭിച്ച സിബിഎല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഫൈനല്‍ മത്സരഫലം ചാമ്പ്യന്‍പട്ടം നിർണയിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. മുന്‍പത്തെ അഞ്ച് സീസണുകളിലും ഫൈനല്‍ പോരാട്ടത്തിന് മുന്‍പ് തന്നെ പോയിന്റ് നിലയില്‍ ചാന്പ്യന്മാർ ബഹുദൂരം മുന്നിലെത്തുമായിരുന്നു. എന്നാല്‍ ആറാം സീസണില്‍ 10 മത്സരങ്ങള്‍ പിന്നിടുമ്പോഴും ചാന്പ്യൻപട്ടം ആർക്കെന്ന കാര്യം പ്രവചനാതീതമായി തുടരുകയാണ്. അഷ്ടമുടിക്കായലിലെ ഓളപ്പരപ്പില്‍ അവസാന തുഴയെറിയുമ്പോള്‍ മാത്രമേ ആറാം സീസണിലെ ജേതാക്കള്‍ ആരെന്നറിയൂ.
നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 91 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടന് ഒന്നാം സ്ഥാനത്തും 89 പോയിന്റുമായി കൊല്ലം പരവൂര്‍ അരോമ ബോട്ട് ക്ലബ് തുഴയുന്ന അരോമ ചുണ്ടന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തും 83 പോയിന്റുമായി യുബിസി കൈനകരി എഫ് സി തുഴയുന്ന വീയപുരം ചുണ്ടന് മൂന്നാം സ്ഥാനത്തുമാണ്. നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടന് 74 പോയിന്റുമായി നാലാം സ്ഥാനത്തും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പുണ്യാളന് നിരണം 49 പോയിന്റുമായി അഞ്ചാം സ്ഥാനത്തും എന്‍ബിസി നാട്ടകം ബോട്ട് ക്ലബ് തുഴയുന്ന ചെറുതന ചുണ്ടന് 48 പോയിന്റുമായി ആറാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു.
പിബിസി പുന്നമട, എന്‍സിഎഫ്സി ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടന് 45 പോയിന്റോടെ ഏഴാം സ്ഥാനത്തും കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ് തുഴയുന്ന ആര്‍പ്പൂക്കര ചുണ്ടന് 42 പോയിന്റോടെ എട്ടാം സ്ഥാനത്തും വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന തലവടി ചുണ്ടന് 20 പോയിന്റോടെ ഒന്‍പതാം സ്ഥാനത്തുമാണുള്ളത്.
ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് സിബിഎല്‍ ഫൈനല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും എംപിയുമായ എന്‍. കെ. പ്രേമചന്ദ്രന് സമ്മാനദാനം നിര്‍വഹിക്കും.
കൊല്ലം മേയര്‍ എ.കെ. ഹഫീസ് പതാക ഉയര്‍ത്തും. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബ്ബിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.
ഇതിനുപുറമെ ഓരോ മത്സരവേദികളിലെയും വിജയികള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപ വീതവും, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ബോണസായി നാല് ലക്ഷം രൂപ വീതവും ടൂറിസം വകുപ്പ് നല്‍കുന്നുണ്ട്. സിബിഎല്‍ ഫൈനലിനോടനുബന്ധിച്ച് ഇരുട്ടുകുത്തി, തെക്കനോടി, വെപ്പ് തുടങ്ങിയ പ്രാദേശിക ചെറുവള്ളങ്ങളുടെ ആവേശകരമായ മത്സരങ്ങളും അഷ്ടമുടിക്കായലില്‍ അരങ്ങേറും. വള്ളംകളി പ്രേമികള്‍ക്ക് അവിസ്മരണീയമായ ദൃശ്യവിരുന്നൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് കൊല്ലത്ത് പൂര്‍ത്തിയായിരിക്കുന്നത്.
അഷ്ടമുടിക്കായല്‍ ശുചീകരിച്ചു
പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ ഭാഗമായി അഷ്ടമുടിക്കായല്‍ ശുചീകരിച്ചു. വള്ളംകളി നടക്കുന്ന കായല്‍ ഭാഗത്ത് സംഘടിപ്പിച്ച ശുചീകരണ യജ്ഞം വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഡിടിപിസി, കോര്പറേഷന് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
രാവിലെ 6.30ന് ആരംഭിച്ച ശുചീകരണ യജ്ഞം 10 വരെ നീണ്ടു. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ കോര്പറേഷന് അധികൃതര്‍ നീക്കം ചെയ്തു.
ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
അഷ്്ടമുടിക്കായലിൽ നടക്കുന്ന 12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിലോടും അനുബന്ധിച്ച് കോര്പറേഷന് പരിധിയിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധക മല്ല.