കായംകുളം: ആവേശത്തിന്റെ തിരമാലകൾ ഉയർത്തി കായംകുളത്തിന്റെ കായൽത്തീരത്ത് ഇന്ന് വള്ളം കളിയുടെ ആരവം ഉയരും. ഒമ്പത് ചുണ്ടന് വള്ളങ്ങളുടെ വാശിയേറിയ പോരാട്ടത്തിനാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സെമി ഫൈനലായ കായംകുളം ജവഹർ ജലോത്സവത്തിൽ വേദിയാകുന്നത്.
കരുവാറ്റയിൽ നടന്ന സിബിഎൽ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ മുന്നിൽനിൽക്കുന്ന പ്രമുഖ ചുണ്ടൻ വള്ളങ്ങളും ബോട്ട് ക്ലബുകളുമാണ് കായംകുളം കായലിൽ മാറ്റുരയ്ക്കുന്നത്. 10 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടനാണ് നിലവിൽ പട്ടികയിൽ മുന്നിലുള്ളത്.
ഒമ്പത് പോയിന്റുമായി നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ തൊട്ടുപിന്നിലുണ്ട്. എട്ട് പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനും ഏഴു പോയിന്റുമായി യുബിസി കൈനകരി എഫ്സി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടനും കടുത്ത വെല്ലുവിളി ഉയർത്തുന്നു.
ആറ് പോയിന്റുള്ള ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ ആർപ്പൂക്കര ചുണ്ടൻ, അഞ്ച് പോയിന്റുള്ള എൻബിസി നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടൻ, നാല് പോയിന്റുള്ള കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പുണ്യാളൻ നിരണം ചുണ്ടൻ, മൂന്നു പോയിന്റുള്ള പിബിസി പുന്നമട എൻസിഎഫ്സി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ, രണ്ടു പോയിന്റുള്ള വില്ലേജ് ബോട്ട് ക്ലബിന്റെ തലവടി ചുണ്ടൻ എന്നിവയാണ് കായംകുളം ജലോത്സവത്തിൽ പങ്കെടുക്കുന്ന പ്രമുഖ ചുണ്ടൻവള്ളങ്ങൾ. പോയിന്റ് നില മെച്ചപ്പെടുത്താൻ തുഴച്ചിലുകാർ കഠിന പരിശീലനത്തിലാണ്. ഉച്ചയ്ക്ക് 2.30ന് ജല ഘോഷയാത്രയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് സെമി ഫൈനൽ മത്സരവും നടക്കും.
രണ്ടിന് നഗരസഭാ ചെയർമാൻ ശരത് ലാൽ ബെല്ലാരി പതാക ഉയർത്തും. കെ.സി. വേണുഗോപാൽ എംപി ജവഹർ ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം. ലിജു അധ്യക്ഷത വഹിക്കും. മന്ത്രി രമേശ് ചെന്നിത്തല മുഖ്യ അതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനദാനം നിർവഹിക്കും. മാസ്ഡ്രിൽ ഫ്ളാഗ് ഓഫ് സി.കെ. സദാശിവനും ജലഘോഷയാത്ര സി.ആർ. മഹേഷ് എംഎൽഎ യും ഫ്ലാഗ് ഓഫ് ചെയ്യും.
എംഎൽഎമാരായ റെജി ചെറിയാൻ, സജി ചെറിയാൻ, എം.എസ്. അരുൺകുമാർ എന്നിവർ പങ്കെടുക്കും. ടുറിസം ഡയറക്ടർ അനുകുമാരി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടർ ഷാജി വി. നായർ സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തും.