കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) ആഭിമുഖ്യത്തിൽ കേരള ഹെൽത്ത് ടൂറിസം-ഗ്ലോബൽ ആയുർവേദ സമ്മിറ്റും എക്സ്പോയും 20, 21 തീയതികളിൽ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. പത്തു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
കേന്ദ്രമന്ത്രി പ്രതാപ്റാവ് ജാദവ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രസംഗിക്കും. ടൂറിസം, ആരോഗ്യ വകുപ്പുകൾ, നാഷണൽ ആയുഷ് മിഷൻ, കെഎസ്ഐഡിസി തുടങ്ങിയവയുടെ പിന്തുണയോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
ഉച്ചകോടിയിൽ 800 പ്രതിനിധികളും 50 എക്സിബിറ്റർമാരും 70 പ്രഭാഷകരും 2,000 സന്ദർശകരും പങ്കെടുക്കുമെന്ന് സിഐഐ കേരള വൈസ് ചെയർമാൻ സന്തോഷ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
യുകെ, യുഎസ്, ജർമനി, ഒമാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 2025ൽ എട്ടു ലക്ഷത്തിലധികം വിദേശികൾ കേരളം സന്ദർശിച്ചിട്ടുണ്ടെന്നും ഇതിൽ 70 ശതമാനം പേരും ആയുർവേദ ചികിത്സയ്ക്കായി എത്തിയവരാണെന്നും ഉച്ചകോടി ചെയർമാൻ ഡോ. എസ്. സജി കുമാർ പറഞ്ഞു.
മെഡിക്കൽ ടൂറിസം രംഗത്തു കേരളം രാജ്യത്തിനു മാതൃകയാണെന്ന് സിഐഐ കേരള ഹെൽത്ത് ടൂറിസം ചെയർമാനും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ ഡോ. പി.വി. ലൂയിസ് വ്യക്തമാക്കി.