ലണ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ്ക്ക് ഫെബ്രുവരി 28നുണ്ടായ ഇസ്രേലി-യുഎസ് ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടെന്നും ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരിക്കേറ്റെന്നും കോമയിലാണെന്നും റിപ്പോർട്ട്. ഇറാനിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ ദി സൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുജ്തബ ടെഹ്റാനിലെ സിനാ യൂണിവേഴ്സിറ്റി ആശുപത്രിയിൽ കനത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുകയാണെന്നും ആശുപത്രി പരിസരം സൈന്യം സീൽ ചെയ്തിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
യുദ്ധം ആരംഭിച്ചതിനുശേഷം ഇനിയും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതും ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടു 13 ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്കരിക്കാത്തതും മുജ്തബയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉറപ്പിക്കുന്നതായി മറ്റുചില പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മുജ്തബ ജീവനോടെയുള്ളതായാണു റിപ്പോർട്ടെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ തള്ളിക്കളയാനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
“മുജ്തബ ജീവനോടെയുണ്ടെന്നാണ് ഞാൻ കരുതുന്നത്, പക്ഷേ ശാരീരികമായി വലിയ തകർച്ച നേരിട്ടിട്ടുണ്ടാകാം...’’ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇറാനിലെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ശരീരം വികൃതമാക്കപ്പെട്ടതായും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതും സ്ഥിരീകരിച്ചു.
ഫെബ്രുവരി 28ന് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മകളും രണ്ടു കൊച്ചുമക്കളും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസം മുജ്തബയുടേതെന്ന പേരിൽ ഇറേനിയൻ ദേശീയ ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനകൾ വിപ്ലവഗാർഡ് മേധാവികൾ തയാറാക്കിയതാണെന്നു റിപ്പോർട്ടുകളുണ്ട്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ കടുത്ത മുന്നറിയിപ്പാണ് ഈ പ്രസ്താവനയിലൂടെ മുജ്തബയുടെ പേരിൽ നൽകിയത്.
രക്തസാക്ഷികളുടെ മരണത്തിനു പകരം ചോദിക്കുമെന്നും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ച പ്രസ്താവനയിൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ അവിടുത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
അമേരിക്ക നൽകുന്ന സുരക്ഷാ വാഗ്ദാനങ്ങൾ വെറും നുണയാണെന്നും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണം തുടരുമെന്നും മുജ്തബയുടേതെന്ന പേരിൽ പുറത്തുവിട്ട പ്രസ്താവനയിലുണ്ട്.