ന്യൂഡൽഹി: ദീപാവലിക്കുശേഷം ഡൽഹിയിലെ വായുനിലവാരസൂചിക (എക്യുഐ) ‘വളരെ മോശം’ സ്ഥിതിയിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) ഇന്നലെ പുലർച്ചെ ഡൽഹിയുടെ ശരാശരി എക്യുഐ 370 ആയി രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശിപാർശ ചെയ്യുന്ന മെച്ചപ്പെട്ട വായുനിലവാര പരിധിയേക്കാൾ വളരെ മുകളിലാണ് ഇന്നലത്തെ എക്യുഐ.
ഡബ്ല്യുഎച്ച്ഒ ശിപാർശ ചെയ്ത ദൈനംദിന പരിധിയേക്കാൾ 30 ഇരട്ടി കൂടുതലാണ് ഡൽഹിയിലെ മലിനീകരണമെന്നാണ് ദീപാവലി രാത്രിക്കു ശേഷമുള്ള പകലിൽ ഡൽഹിയിലെ 20 വായു നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തത്.
മലിനീകരണം വർധിക്കുന്നതിനിടെ ആർകെ പുരം, നെഹ്റു നഗർ, ദ്വാരക എന്നിവിടങ്ങളിലെ വായു നിരീക്ഷണ കേന്ദ്രങ്ങൾ തത്സമയ വായുനിലവാരത്തിന്റെ ഡാറ്റ നൽകുന്നത് നിർത്തി.
ഡൽഹിയിലെ വായുമലിനീകരണത്തിനു കാരണം പഞ്ചാബ് സർക്കാരാണെന്ന് ഡൽഹി മന്ത്രി കപിൽ മിശ്ര പറഞ്ഞപ്പോൾ ഡൽഹി സർക്കാർ എക്യുഐ ഡാറ്റ മൂടിവയ്ക്കുകയാണെന്ന് ആം ആദ്മി പാർട്ടിയും കോൺഗ്രസും പറഞ്ഞു.
സർക്കാർ എക്യുഐ ഡാറ്റ തട്ടിപ്പ് നടത്തുകയാണെന്നും മലിനീകരണത്തിന്റെ അളവ് യഥാർഥത്തിലുള്ളതിനേക്കാൾ കുറച്ചു കാണിക്കുന്നത്, പ്രദേശവാസികളെ ഹൃദയാഘാതം, ആസ്ത്മയുടെ തീവ്രമായ ആക്രമണങ്ങൾ, ശ്വാസകോശസ്തംഭനം എന്നിവയുടെ അപകടസാധ്യതയിലേക്ക് തള്ളിവിട്ടേക്കാമെന്നും ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.