മമ്പാട്: പുള്ളിപ്പാടം വില്ലേജിലെ ചെറുകിട ഭൂവുടമകള്‍ക്ക് ലഭിച്ചിരുന്ന കൈവശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ മാപ്പ്, നികുതി ഒടുക്കല്‍ എന്നിവ നിഷേധിക്കുന്ന റവന്യു അധികൃതരുടെ നടപടിക്കെതിരേ സിപിഎം പുള്ളിപ്പാടം വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
നിലമ്പൂര്‍ താലൂക്കിലെ പുള്ളിപ്പാടം വില്ലേജില്‍പ്പെട്ട കറുകമണ്ണ മലവാരത്തില്‍ വര്‍ഷങ്ങളായി വീടുവച്ച് താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന വിവിധ സര്‍വേ നമ്പറുകളില്‍പെട്ട ഭൂമിയിലാണ് റവന്യു-വനം വകുപ്പുകള്‍ തമ്മിലുള്ള അനാവശ്യ തര്‍ക്കം കാരണം സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നത്. റവന്യു വകുപ്പ് വനംവകുപ്പിന് തിരികെ നല്‍കേണ്ട ഭൂമി സംയുക്ത സര്‍വേ നടത്തി കണ്ടെത്തുകയും, വനംവകുപ്പ് ജണ്ട കെട്ടി ഏറ്റെടുക്കുകയും ചെയ്തതാണ്.
ഇനി കറുകമണ്ണ മലവാരത്തില്‍ നാല് ഏക്കറില്‍ താഴെ ഭൂമി മാത്രമാണ് വനംവകുപ്പിന് കണ്ടെത്താനുള്ളത്. അതിനാല്‍, സര്‍ക്കാര്‍ നിര്‍ത്തിവച്ച ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. മാര്‍ച്ച് വണ്ടൂര്‍ ഏരിയ സെക്രട്ടറി എം.ടി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി. ശ്രീനിവാസന്, എന്‍.പി. ഉബൈദ്, കെ. സലാഹുദ്ദീന്, ഷൈനി സണ്ണി, പി. അഷ്റഫ്, ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.