തിരുവനന്തപുരം: കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെയും സാന്പത്തിക വളർച്ചയുടെയും ഭാവി ചർച്ച ചെയ്യുന്നതിനായി ക്രെഡായ് കേരളയുടെ വാർഷിക സമ്മേളനമായ ‘സ്റ്റേറ്റ് കോണ്‍ 2026’ ഈമാസം മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഹയാത്ത് റീജൻസിയിൽ നാളെ രാവിലെ 9.45ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, കെ.എം. ഷാജി, മേയർ വി.വി. രാജേഷ്, ക്രെഡായ് ദേശീയ പ്രസിഡന്റ് രാം റെഡ്ഢി ഗുമി, ക്രെഡായ് സൗത്ത് വൈസ് പ്രസിഡന്റ് എം.എ. മെഹബൂബ് റൂബ് എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കും.
‘റീ ഇമാജിനിംഗ് കേരള: ടാലന്റ്. ടെക്നോളജി. ടുമോറോ’ എന്നതാണു സമ്മേളനപ്രമേയം. കേരളത്തിന്റെ വികസന മുൻഗണനകൾക്കു സംഭാവന നൽകാൻ കഴിയുന്ന അർഥവത്തായ സംവാദത്തിനും സഹകരണ ആശയവിനിമയത്തിനുമുള്ള തന്ത്രപ്രധാന വേദിയായാണു സ്റ്റേറ്റ് കോണ്‍ 2026 വിഭാവനം ചെയ്തിരിക്കുന്നതെന്ന് ക്രെഡായ് കേരള സംസ്ഥാന ചെയർമാൻ റോയ് പീറ്റർ, കണ്‍വീനർ ജനറലും ക്രെഡായ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എസ്.എൻ. രഘുചന്ദ്രൻ നായർ, കോണ്‍ഫറൻസ് ചെയർമാൻ വി.എസ്. ജയചന്ദ്രൻ എന്നിവർ അറിയിച്ചു.
തിരുവനന്തപുരത്ത് ആദ്യമായി നടക്കുന്ന ‘സ്റ്റേറ്റ് കോണ്‍ 2026’ കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് ഭാവി, നിക്ഷേപം, സാന്പത്തിക വളർച്ച എന്നിവ സംബന്ധിച്ച ചർച്ചകൾക്കുള്ള പ്രധാന വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നീ ക്രെഡായ് സിറ്റി ചാപ്റ്ററുകളിൽനിന്നുള്ള 300ലധികം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കുപുറമെ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലുങ്കാന എന്നിവിടങ്ങളിലെ ക്രെഡായ് ചാപ്റ്ററുകളിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.