Tech
സാൻ ഫ്രാൻസിസ്കോ: ജനപ്രിയ ക്രിയേറ്റർ അധിഷ്ഠിത മെമ്പർഷിപ്പ് പ്ലാറ്റ്ഫോമായ പേട്രിയോൺ (Patreon) തങ്ങളുടെ ആകെ ജീവനക്കാരുടെ 20 ശതമാനം പേരെ പിരിച്ചുവിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവും വ്യവസായ രംഗത്തുണ്ടായ മാറ്റങ്ങളും മുൻനിർത്തിയാണ് 93 ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഈ വലിയ പുനഃസംഘടന.
വളരെ ബുദ്ധിമുട്ടേറിയതും എന്നാൽ കമ്പനിയുടെ ദീർഘകാല നിലനിൽപ്പിന് അത്യന്താപേക്ഷിതവുമായ തീരുമാനമാണിതെന്ന് സിഇഒ ജാക്ക് കോണ്ടെ ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കി. 2022ൽ 17 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ബെർലിൻ, ഡബ്ലിൻ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തതിന് ശേഷമുള്ള പേട്രിയോണിന്റെ ഏറ്റവും വലിയ ലേ-ഓഫ് ആണിത്.
സാങ്കേതികവിദ്യയുടെയും എഐയുടെയും വേഗത്തിലുള്ള വളർച്ച പിരിച്ചുവിടലിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, മനുഷ്യർ ചെയ്യുന്ന ജോലി എഐയെക്കൊണ്ട് ചെയ്യിക്കാനല്ല ഈ നടപടിയെന്ന് ജാക്ക് കോണ്ടെ ജീവനക്കാർക്ക് ഉറപ്പുനൽകി.
"ഇന്നത്തെ ഈ തീരുമാനത്തിൽ എഐയുടെ പങ്കിനെക്കുറിച്ച് വ്യക്തമായി പറഞ്ഞാൽ, എഐ മനുഷ്യർക്ക് പകരമാകും എന്ന് വിശ്വസിക്കുന്നതുകൊണ്ടല്ല ഞങ്ങൾ ഈ മാറ്റങ്ങൾ വരുത്തുന്നത്. സർഗ്ഗാത്മകത, ചിന്താശേഷി, ബന്ധങ്ങൾ എന്നിവ നിർമിക്കാൻ എഐക്ക് കഴിയില്ല എന്ന് ജാക്ക് കോണ്ടെ വ്യക്തമാക്കി.
എങ്കിലും, സോഫ്റ്റ്വെയർ നിർമാണത്തിലും ടീമുകളുടെ പ്രവർത്തനരീതിയിലും എഐ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും, ആ വേഗതയോടൊപ്പം സഞ്ചരിക്കാൻ കമ്പനിയുടെ ചെലവുകളും ഘടനയും ലളിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേർപിരിയുന്ന ജീവനക്കാർക്കായി മികച്ച ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞത് 16 ആഴ്ചത്തെ (4 മാസം) ശമ്പളം. സർവീസ് പൂർത്തിയാക്കിയ ഓരോ വർഷത്തിനും അധികമായി ഒരു ആഴ്ചത്തെ ശമ്പളം കൂടി ലഭിക്കും. വർഷാവസാനം വരെ ഹെൽത്ത് കെയർ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. ഔദ്യോഗിക ലാപ്ടോപ്പുകൾക്ക് പകരമായി പുതിയത് വാങ്ങാൻ 1,500 യുഎസ് ഡോളർ (ഏകദേശം 1.25 ലക്ഷം രൂപ) പ്രത്യേക അലവൻസ് നൽകും.
കലാകാരന്മാരുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും സൃഷ്ടികൾ അനുമതിയില്ലാതെ എഐ മോഡലുകൾ ട്രെയിൻ ചെയ്യുന്നതിനായി ഡാറ്റ ചോർത്തുന്നത് തടയാൻ കഴിഞ്ഞദിവസം പേട്രിയോൺ 'ക്ലൗഡ്ഫെയർ' കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. തങ്ങളുടെ ബിസിനസ്സിൽ പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിക്കുമ്പോൾത്തന്നെ ക്രിയേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പേട്രിയോൺ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി.
NRI
കലിഫോർണിയ: ഫ്രെസ്നോയിൽ 45 വയസുകാരനായ സതിന്ദർ സിംഗ് സിദ്ധുവിനെ പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ട ഗുരുതര ലൈംഗിക കുറ്റങ്ങൾ ഉൾപ്പെടെ നിരവധി ഫെലണി കുറ്റങ്ങൾ ചുമത്തി ഫ്രെസ്നോ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രമിച്ച ബലാത്സംഗം, ലൈംഗിക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്തയാളുമായി കൂടിക്കാഴ്ച ക്രമീകരിക്കാൻ ശ്രമിച്ചത്, പ്രായപൂർത്തിയാകാത്തവരുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചത്, ഹാനികരമായ അശ്ലീല ഉള്ളടക്കം കൈമാറിയത് തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ഫ്രെസ്നോയിലെ സൗത്ത് സീഡർ അവന്യൂ-ഈസ്റ്റ് വെഞ്ചുറ അവന്യൂ മേഖലയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഫ്രെസ്നോ കൗണ്ടി ജയിലിൽ റിമാൻഡ് ചെയ്തെങ്കിലും അടുത്ത ദിവസം പുലർച്ചെ ജാമ്യത്തിൽ മോചിതനായതായി കൗണ്ടി ജയിൽ രേഖകൾ വ്യക്തമാക്കുന്നു.
പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുന്ന അന്വേഷണമായതിനാലും കേസിന്റെ ഗൗരവം കണക്കിലെടുത്തും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്ന് ഫ്രെസ്നോ പോലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അന്വേഷണത്തിന്റെ പുരോഗതിക്കനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
Sports
കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍ ഇന്നു സൂപ്പര്‍ പോരാട്ടം. ഫിഫ 2026 ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്ചാമ്പ്യന്മാരായ സ്പെയിന് ബെല്‍ജിയവുമായി കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ സമയം ശനി പുലര്‍ച്ചെ 12.30നാണ് കിക്കോഫ്. കൗമാര സൂപ്പര്‍ താരം ലാമിന് യമാലും പവര്‍ഫുള്‍ സ്ട്രൈക്കര്‍ റൊമേലു ലുകാക്കുവും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ ഹൈലൈറ്റ്. റോഡ്രിയാണ് സ്പെയിനിന്റെ ക്യാപ്റ്റന്‍.
2010നുശേഷം മറ്റൊരു ലോകകിരീടമാണ് നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയിനിന്റെ യുവ സംഘം ലക്ഷ്യംവയ്ക്കുന്നത്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായാണ് സ്പെയിന് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയായിരുന്നു തുടക്കം. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ (3-0) തോല്‍പ്പിച്ചു. പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയും (1-0) കീഴടക്കി.
സുവര്‍ണ തലമുറയുടെ ബാക്കിപത്രമായി ബെല്‍ജിയം ടീമില്‍ ശേഷിക്കുന്നത് കെവിന് ഡി ബ്രൂയിന്, റൊമേലു ലുകാക്കു, തിബൊ കോര്‍ത്വ എന്നിവര്‍. ജെറെമി ഡോക്കു, ചാള്‍സ് ഡി കെറ്റലെയന് തുടങ്ങിയ യുവതാരങ്ങളാണ് നിലവിലെ കരുത്ത്. യൂരി ടൈലെമാന്സാണ് ക്യാപ്റ്റന്‍.
2026 ലോകകപ്പ് ഗ്രൂപ്പ് ജി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ സെനഗലിനെ (3-2) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ അമേരിക്കയുടെ (4-1) വെല്ലുവിളിയും അവസാനിപ്പിച്ചു. 2018ല്‍ മൂന്നാം സ്ഥാനത്ത് എത്തിയത് മികച്ച പ്രകടനം.
നേര്‍ക്കുനേര്‍ നേര്‍ക്കുനേര്‍
ആകെ മത്സരം: 22
സ്പെയിന് ജയം: 12
ബെല്‍ജിയം ജയം: 05
സമനില: 05
NRI
കലിഫോർണിയ: ഇന്ത്യയിലെ ഗ്രാമീണ മേഖലകളുടെ വികസനത്തിനായി കലിഫോർണിയയിൽ നടന്ന ചടങ്ങിൽ നാല് മില്യൺ ഡോളർ (ഏകദേശം 33 കോടിയിലധികം രൂപ) ധനസമാഹരണം നടത്തി.
ബെർക്ക്ലി ഹാസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന "സ്മാർട്ട് വില്ലേജ് മൂവ്മെന്റ്' സംഘടിപ്പിച്ച ആദ്യ വാർഷിക ഗാലയിലാണ് ഈ തുക സമാഹരിച്ചത്.
കഴിഞ്ഞ ഒൻപത് വർഷമായി ഇന്ത്യയിലെ 1,200 ഓളം ഗ്രാമങ്ങളിലായി 16 ലക്ഷത്തിലധികം ആളുകളിലേക്ക് സമാധാനപരവും സുസ്ഥിരവുമായ വികസനം എത്തിക്കാൻ എസ്വിഎമ്മിന് സാധിച്ചിട്ടുണ്ട്.
ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മനു ഷാ, എസ്വിഎം സ്ഥാപകൻ ഡോ. അനിൽ ഷാ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ടൈപ്പ്1 പ്രമേഹബാധിതരായ കുട്ടികൾക്കായി ഐഐടി ഖരഗ്പൂരുമായി സഹകരിച്ച് കുറഞ്ഞ ചെലവിലുള്ള ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണം വികസിപ്പിക്കും. കൂടാതെ 13 ലക്ഷത്തിലധികം ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സെന്ററും സ്ഥാപിക്കും.
ഗുജറാത്ത്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ വിദ്യാർത്ഥികൾക്കായി STEM (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്സ്) ഇന്നൊവേഷൻ ലാബുകൾ വ്യാപിപ്പിക്കും.
ഗ്രാമീണ മേഖലകളിലെ കൃഷി, ഉപജീവനമാർഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും ഈ തുക വിനിയോഗിക്കും.
Business
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വടക്കേ അമേരിക്കയില്‍ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് കലിഫോര്‍ണിയയിലെ സാന്റാ ക്ലാരയില്‍ പുതിയ ഷോറൂം ആരംഭിച്ചു. ഇതോടെ യുഎസിലെ ആകെ ഷോറൂമുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.
വടക്കേ അമേരിക്കയില്‍ കാനഡയിലെ മൂന്ന് ഷോറൂമുകള്‍ ഉള്‍പ്പെടെ കമ്പനിയുടെ ആകെ ഷോറൂമുകളുടെ എണ്ണം 11 ആയി ഉയര്‍ന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനു നിലവില്‍ 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്.
സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഢി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, നോര്‍ത്ത് അമേരിക്കന്‍ ഓപ്പറേഷന്‍സ് റീജിയണല്‍ ഹെഡ് ജോസഫ് ഈപ്പന്, യുഎസ് ബ്രാഞ്ച് ഹെഡ് ആര്. ജാസര്‍ എന്നിവരും മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.ഷോറൂമില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തിലധികം മികച്ച ഡിസൈനുകള്‍ ലഭ്യമാണ്.
വിവാഹ ആഭരണങ്ങള്‍, നിത്യോപയോഗ ഡിസൈനുകള്‍ എന്നിവയ്ക്കു പുറമേ ഉപയോക്താക്കളുടെ താത്പര്യത്തിനനുസരിച്ച് ആഭരണങ്ങള്‍ രൂപകല്പന ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. വരും ദിവസങ്ങളില്‍ സിയാറ്റിലിലും ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും കമ്പനി പുതിയ ഷോറൂമുകള്‍ ആരംഭിക്കും.
National
കാലിഫോർണിയ: അമേരിക്കയിൽ ബോംബർ വിമാനം തകർന്ന് എട്ട് പേർ മരിച്ചു. തിങ്കളാഴ്ച കാലിഫോർണിയയിലാണ് ബി- 52 ബോംബർ വിമാനം അപകടത്തിൽപ്പെട്ടത്.
കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീഴുകയായിരുന്നു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും അധികൃതർ അറിയിച്ചു. ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണ് ബി52 ബോംബർ വിമാനങ്ങൾ.
NRI
കലിഫോർണിയ: ഓറഞ്ച് കൗണ്ടിയിൽ സ്ഫോടന ഭീഷണിയെത്തുടർന്ന് ആളുകൾക്ക് ഒഴിയാൻ നിർദേശം നൽകി അധികൃതർ. രാസ സ്ഫോടന ഭീഷണിയെ തുടർന്ന് നാൽപതിനായിരത്തോളം ആളുകൾക്കാണ് അടിയന്തരമായി ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയത്.
ഗാർഡൻ ഗ്രോവിലെ എയ്റോസ്പേസ് നിർമാണ ശാലയിലെ ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന "മെഥിൽ മെതാക്രിലേറ്റ്' എന്ന വിഷലിപ്തമായ രാസവസ്തുവിന്റെ വാൽവുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാരണം.
ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാൻ രാജ്യത്തെ വിദഗ്ധർ ശ്രമിച്ചുവരികയാണ്. നിലവിൽ ടാങ്കിന് മുകളിലേക്ക് തുടർച്ചയായി വെള്ളം സ്പ്രേ ചെയ്ത് താപനില നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
തീപിടിക്കാൻ സാധ്യതയുള്ളതും ശ്വസിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ രാസവസ്തുവാണ് മെഥിൽ മെതാക്രിലേറ്റ്.
നിലവിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടുത്ത ജാഗ്രതയിലാണ് അധികൃതർ.
NRI
ലോസ് ആഞ്ചലസ്: വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കലിഫോർണിയ ഒരുക്കുന്ന കരിയര്‍ ഡേ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ നടത്തപ്പെടും.
വിവിധ മേഖലകളില്‍ പ്രഗത്ഭരായവര്‍ കരിയര്‍ ഡേയ്ക്ക് നേതൃത്വം നല്‍കും. കരിയർ ഡേയിൽ മിഡിൽ സ്കൂൾ, ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കായിട്ടുള്ള സെമിനാറുകൾ സംഘടിപ്പിച്ചിരിക്കുന്നു.
വിവിധങ്ങളായ ജോലി സാധ്യതകളേറിയ ഡോക്ടർ, നഴ്സ്, ലോയർ, എൻജിനിയർ, റിയൽ എസ്റ്റേറ്റ്, ബിസിനസ്, ഫിസിക്കൽ തെറാപ്പി, ടീച്ചിംഗ്, ഐടി, ഫാർമസി തുടങ്ങിയവയെക്കുറിച്ച് കരിയര്‍ ഡേയില്‍ വിദഗ്ദരാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.
OPTION ONE HALL, 10120 Canoga Ave, Chatsworth, CA91311.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷീബ ജോസഫ് - 3238071121, ജാസ്മിന് പുന്നൂസ് - 7733083716.
NRI
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ സിഖ് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ട്രേസി സ്വദേശിയായ അവതാർ സിംഗ് (57) ആണ് കൊല്ലപ്പെട്ടത്.
പ്രതികൾ മറ്റൊരാളെ ലക്ഷ്യമിട്ടാണ് എത്തിയതെന്നും അവതാറിനെ അബദ്ധത്തിൽ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രേസിയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ വച്ചാണു സംഭവം.
മൂന്നു പേർ അവതാറിനെ ബലമായി എസ്യുവി കാറിൽ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പ്രതികളെ അവതാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി ഒൻപതോടെ ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അവതാറിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ അറിയിച്ചു.
പോലീസ് നടത്തിയ തെരച്ചിലിൽ, വെള്ളിയാഴ്ച ലേക്ക് ബെറിയേസയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 23 വർഷമായി ഗുരുദ്വാരയിലെ പ്രധാന പാചകക്കാരനായി സേവനം അനുഷ്ഠിക്കുകയായിരുന്നു അവതാർ സിംഗ്.
മാസം തികയാതെ പ്രസവിച്ച ആറുമാസം പ്രായമുള്ള മൂന്നു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം.
കഠിനാധ്വാനിയും സ്നേഹസമ്പന്നനുമായ അദ്ദേഹം എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതെന്ന് സഹപ്രവർത്തകർ ഓർമിച്ചു. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
NRI
ലോസ് ആഞ്ചൽസ്: അമ്മിണി സൈമൺ (90) ലോസ് ആഞ്ചൽസിൽ അന്തരിച്ചു. പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ പരേതരായ ടി.ജി. ജോർജ് - കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ സൈമൺ വർഗീസ്. മക്കളും മരുമക്കളും: അനിത & കുർട്ടിസ് സ്ട്രിക്ലാൻഡ് (കാലിഫോർണിയ), മാർഷ & ജോസ് വർഗീസ് (കലിഫോർണിയ), മെലീസ & വിജി ചെറിയാൻ (ഡാളസ്), മെൽവിൻ (കലിഫോർണിയ).
കൊച്ചുമക്കൾ: ക്രിസ്റ്റ്യൻ, അമാനി, സമീർ, ആശ, ജൂലിയ, റേച്ചൽ, ബെഞ്ചമിൻ, എമിലി, ജോനാഥൻ.
ഫുല്ലർട്ടൺ ഗ്രേസ് ബൈബിൾ ചാപ്പലിലെ സജീവ അംഗവുമായിരുന്നു. സംസ്കാരം പിന്നീട്.
NRI
കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ കാസിൽ പീക്ക് മേഖലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ അകപ്പെട്ട ആറ് സ്കീയിംഗ് താരങ്ങളെ ജീവനോടെ കണ്ടെത്തി. എന്നാൽ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 10 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്.
ലേക്ക് താഹോയ്ക്ക് (Lake Tahoe) വടക്കുപടിഞ്ഞാറുള്ള കാസിൽ പീക്ക് മേഖലയിലാണ് ഹിമപാതമുണ്ടായത്. നാല് ഗൈഡുകളും 12 ക്ലയന്റുകളും അടങ്ങുന്ന 16 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ആറ് പേരെ കണ്ടെത്തിയെങ്കിലും അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 46-ഓളം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ അതിജീവിച്ചവരോട് താൽക്കാലിക ഷെൽട്ടറുകളിൽ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാലിഫോർണിയയിൽ വീശിയടിച്ച ശക്തമായ ശീതകാല കൊടുങ്കാറ്റും (Winter Storm) കനത്ത മഞ്ഞുവീഴ്ചയുമാണ് ഹിമപാതത്തിന് കാരണമായത്. ഈ മേഖലയിൽ ഏകദേശം 30 ഇഞ്ചോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.
സിയറ നെവാഡ മേഖലയിൽ ഹിമപാത സാധ്യത ഇപ്പോഴും വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ഐ-80 (I-80) ഉൾപ്പെടെയുള്ള പ്രധാന പാതകൾ താൽക്കാലികമായി അടച്ചു. കാണാതായ 10 പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിനം.
കാലിഫോർണിയ ബെർക്ക്ലി സർവകലാശാലയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻജിയറിംഗ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ(22)യെയാണ് ഫെബ്രുവരി ഒൻപത് മുതൽ കാണാതായത്.
കോളജ് കാമ്പസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ അവസാനമായി കണ്ടത്. തിരിച്ചിലിൽ സാകേതിന്റെ പാസ്പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗുകൾ റീജിയണൽ പാർക്കിന് സമീപത്ത് നിന്നും കാമ്പസിന് സമീപത്തുനിന്നുമായി കണ്ടെത്തി.
വിഷയത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. അൻസ തടാകവും ചുറ്റുമുള്ള ബെർക്ക്ലി ഹിൽസ് പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥിയാണ് സാകേത് ശ്രീനിവാസയ്യ.
NRI
കലിഫോർണിയ: കലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ "സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.
ഈ മാസം 19 മുതൽ 24 വരെ സംസ്ഥാനത്തെ വിവിധ കൗണ്ടികളിലായി 18-ലധികം സുരക്ഷാ ഏജൻസികൾ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. അറസ്റ്റിലായവരിൽ 105 പേരും സാൻ ഡിയാഗോ കൗണ്ടിയിൽ നിന്നുള്ളവരാണ്.
ഇതിൽ 87 പേർ അനാശ്യാസ പ്രവർത്തനങ്ങൾക്കായി തടിച്ചുകൂടിയതിനും 25 പേർ ഇടപാടുകാർ എന്ന നിലയിലും എട്ടുപേർ പെൺവാണിഭ സംഘത്തലവൻമാർ എന്ന നിലയിലുമാണ് പിടിയിലായത്.
ഇരകളെ രക്ഷപ്പെടുത്തുക, സേവനങ്ങൾ തേടി എത്തുന്നവരെ പിടികൂടുക വഴി ഇത്തരം ശൃംഖലകൾ തകർക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യം.
മയക്കുമരുന്ന് കച്ചവടം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് സാൻ ഡിയാഗോ ഡിസ്ട്രിക്റ്റ് അറ്റോർണി സമ്മർ സ്റ്റീഫൻ പറഞ്ഞു.
അസംബ്ലി ബിൽ 379 പ്രകാരം പോലീസിന് ലഭിച്ച കൂടുതൽ അധികാരങ്ങൾ ഇത്തരം മാഫിയകളെ അടിച്ചമർത്താൻ സഹായിച്ചതായി സാൻ ഡിയാഗോ പോലീസ് ചീഫ് സ്കോട്ട് വാൾ വ്യക്തമാക്കി.
നമ്മുടെ സമൂഹത്തിൽ അദൃശ്യമായും പരസ്യമായും നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സിന്റെ സേവനം അനിവാര്യമാണെന്ന് അറ്റോർണി ജനറൽ റോബ് ബോണ്ട കൂട്ടിച്ചേർത്തു.
NRI
കലിഫോർണിയ: ബിഷപ് സിറ്റിയിലുണ്ടായ കാറപകടത്തിൽ തെലുങ്കാന സ്വദേശികളായ രണ്ടു യുവതികൾ മരിച്ചു. മേഘന റാണി (24), കെ. ഭാവന (24) എന്നിവരാണു മരിച്ചത്.
തെലുങ്കാനയിലെ മഹ്ബൂബാബാദ് ജില്ലക്കാരാണ് ഇരുവരും. ഉന്നത പഠനത്തിനാണ് ഇവർ അമേരിക്കയിലെത്തിയത്.
ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
National
ഹൈദരാബാദ്: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കാനക്കാരായ രണ്ടു യുവതികൾ മരിച്ചു.
മേഘന റാണി (24), കെ. ഭാവന (24) എന്നിവരാണു കലിഫോർണിയയിലെ ബിഷപ് സിറ്റിയിലുണ്ടായ കാറപകടത്തിൽ മരിച്ചത്.
International
ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് ക്രിസ്മസ് രാവിലുണ്ടായ കനത്ത കാറ്റിലും മഴയിലും മൂന്നു പേർ മരിച്ചു. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി.
ലോസ് ആഞ്ചലസ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ 27 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. മിന്നൽപ്രളയം മൂലം റോഡിലെ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കേണ്ടിവന്നു. വ്യാഴാഴ്ച വൈകുന്നേരം ഒരു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കലിഫോർണിയയിലെ തെക്കൻ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു.
NRI
കലിഫോർണിയ: കലിഫോർണിയയിൽ ശക്തമായ മഴയിലും പ്രളയത്തിലും മൂന്ന് പേർ മരിച്ചു. പസഫിക് സമുദ്രത്തിൽ നിന്നുള്ള "അറ്റ്മോസ്ഫെറിക് റിവർ' പ്രതിഭാസത്തെ തുടർന്നുണ്ടായ മഴ തെക്കൻ കലിഫോർണിയയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
സാൻ ഡിയാഗോയിൽ മരം വീണ് 64 വയസുകാരനും റെഡിംഗിൽ പ്രളയത്തിൽ കാറിനുള്ളിൽ കുടുങ്ങി 74 വയസുകാരനും മെൻഡോസിനോ കൗണ്ടിയിൽ തിരമാലയിൽപ്പെട്ട് 70 വയസുകാരിയുമാണ് മരിച്ചത്.
ലോസ് ആഞ്ചൽസ് ഉൾപ്പെടെയുള്ള തെക്കൻ കൗണ്ടികളിൽ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു.
സംസ്ഥാനത്തുടനീളം ഏകദേശം ഒരു ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശി.
അവധിക്കാല യാത്രകൾ നടക്കുന്ന സമയമായതിനാൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ലോസ് ആഞ്ചൽസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പ് നൽകി.
പല പ്രധാന പാതകളും വെള്ളപ്പൊക്കം കാരണം അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Viral
റെഡ്വുഡ് സിറ്റിയിലെ ഒരു ഹാർഡ്വെയർ സ്ഥാപനത്തിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറി തീപിടിച്ച സംഭവം വലിയ നടുക്കമാണ് നാട്ടുകാരിലുണ്ടാക്കിയത്.
അപകടത്തിന്റെ ഭയാനകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഗൗരവം ലോകമറിഞ്ഞത്. ജനത്തിരക്കുള്ള സമയത്തായിരുന്നു നിയന്ത്രണം വിട്ട എസ്യുവി ഷോപ്പിന്റെ ചില്ലുവാതിൽ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയത്.
കടയിലെ ജീവനക്കാരും ഉപഭോക്താക്കളും ഉടൻ തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടി മാറിയതിനാൽ ആർക്കും പരിക്കേറ്റില്ല എന്നത് വലിയ ആശ്വാസമായി.
കടയ്ക്കുള്ളിൽ നിൽക്കുകയായിരുന്ന ജീവനക്കാരനായ പെരയുടെ തൊട്ടരികിലൂടെയാണ് കാർ ചീറിപ്പാഞ്ഞത്. ഒരു നിമിഷം താൻ സ്തംഭിച്ചു പോയെന്നും പിന്നീട് ജീവൻ രക്ഷിക്കാൻ പുറത്തേക്ക് ഓടുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുനർജന്മമാണെന്നും താനും സഹപ്രവർത്തകരും രക്ഷപ്പെട്ടത് അത്ഭുതമാണെന്നും പെര കൂട്ടിച്ചേർത്തു. ഇടിച്ച ഉടൻ തന്നെ കാറിന് തീപിടിച്ചെങ്കിലും അഗ്നിശമന സേന വളരെ വേഗത്തിൽ സ്ഥലത്തെത്തി ഇരുപത് മിനിറ്റിനുള്ളിൽ തന്നെ തീ അണച്ചു.
കാർ ഇടിച്ചുകയറിയപ്പോൾ കെട്ടിടത്തിന്റെ ചില്ലുകൾ പൂർണമായും തകർന്നെങ്കിലും കെട്ടിടത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഫയർ ചീഫ് ഗ്ലെൻഡൻ ചാൻ വ്യക്തമാക്കി.
വാഹനം അമിതവേഗതയിൽ വരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
NRI
കലിഫോർണിയ: ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ കലിഫോർണിയയിൽ മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.
വടക്കൻ കലിഫോർണിയയിലെ സ്റ്റോക്ടണിലുള്ള ലൂസീൽ അവന്യുവിൽ ശനിയാഴ്ച വൈകുന്നേരമാണ് വെടിവയ്പ് നടന്നത്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
International
കലിഫോർണിയ: വടക്കൻ കലിഫോർണിയയിലെ സ്റ്റോക്ടനിലുള്ള ലൂസീൽ അവന്യുവിൽ ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.
കുട്ടികൾക്കും മുതിർന്നവർക്കും വെടിയേറ്റതായി പോലീസ് പറഞ്ഞു. വെടിവച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ആസുത്രണം ചെയ്തു നടത്തിയ ആക്രമണമെന്നാണ് പ്രാഥമിക സൂചനയെന്ന് പറഞ്ഞ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.
NRI
ന്യൂയോർക്ക്: കലിഫോർണിയയിൽ മദ്യപിച്ചു വാഹനമോടിച്ച ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ മൂന്ന് പേരുടെ മരണത്തിനിടയാക്കിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ജഷൻപ്രീത് സിംഗ് എന്ന ഡ്രൈവർ അപകടമുണ്ടാക്കിയത്. മൂന്നു പേർക്കു പരിക്കേറ്റു.
സാവധാനം നീങ്ങിയിരുന്ന ട്രാഫിക്കിലേക്ക് ഇടിച്ചുകയറുന്പോഴും ബ്രേക്ക് ചവിട്ടിയില്ലെന്നാണു പോലീസ് കണ്ടെത്തൽ. പരിശോധനകളിലും മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2022ൽ യുഎസിലേക്ക് അനധികൃതമായി കുടിയേറിയതാണ് ജഷൻപ്രീതെന്ന യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.
NRI
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത് പ്രതിഷേധത്തിനിടയാക്കി. 30 വർഷമായി വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിക്കുന്ന 73 വയസുകാരിയായ ഹർജിത് കൗറിനാണ് ദുരനുഭവം.
സംഭവത്തിന് പിന്നാലെ ഹർജിത് കൗറിന്റെ കുടുംബവും സിഖ് സമൂഹത്തിൽ നിന്നുള്ളവരും പ്രതിഷേധിച്ചു. എന്നാൽ ഹർജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1992ൽ രണ്ട് ആൺമക്കളുമായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയതാണ് ഇവർ. 2012ൽ അഭയാർഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.
എന്നാൽ പിന്നീടുള്ള എല്ലാ സമയത്തും അവർ വർഷത്തിൽ രണ്ട് തവണ അവർ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കൽ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകൾ ഇയോ മഞ്ചി കൗർ പറയുന്നു.
വയോധികയും അസുഖബാധിതയുമായ ഹർജിത് കൗറിനെ 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമോയെന്ന ആശങ്കയിലാണ് കുടുംബം.
NRI
കലിഫോർണിയ: യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത വർഷം നടക്കുന്ന കലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ വിജയം നേടുമെന്ന് സർവേ ഫലം.
കലിഫോർണിയ സർവകലാശാല നടത്തിയ പോളിൽ പങ്കെടുത്തവരിൽ 41 ശതമാനം പേർ കമല ഹാരിസിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന നേതാക്കൾ കമലയുടെ സ്ഥാനാർഥിത്വത്തിൽ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം പ്രതികൂലമായി മാറുമെന്ന് വിശ്വസിക്കുന്നവരുണ്ടെന്നാണ് റിപ്പോർട്ടുകൾ.