ആഗോളതാപനം ഭൂമിയെ വിഴുങ്ങുമോ..? കാലാവസ്ഥാ വ്യതിയാനം മനുഷ്യരെയും മൃഗങ്ങളെയും ജലജീവികളെയും മാത്രമല്ല, ലോകത്തെ വൃക്ഷരാജാക്കന്മാരെയും പിടികൂടിയിരിക്കുകയാണ്. മഹാവൃക്ഷങ്ങൾ മാത്രമല്ല, സസ്യലോകത്തിന്റെ ഭാവിതന്നെ എന്തായിത്തീരുമെന്ന ആശങ്കയിലാണു ഗവേഷകർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 'കോസ്റ്റ് റെഡ്വുഡ്' വൃക്ഷങ്ങൾ അതിജീവനത്തിനായി പൊരുതുന്നുവെന്നാണു പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണു പഠനത്തിനു പിന്നിൽ. മെൻഡോസിനോ കൗണ്ടിയിലുള്ള ഗാർസിയ റിവർ ഫോറസ്റ്റ് മേഖലയാണു പഠനത്തിനായി തെരഞ്ഞെടുത്തത്.
അന്തരീക്ഷ താപനില ഉയരുമ്പോൾ, റെഡ്വുഡ് മരങ്ങൾ പ്രകാശസംശ്ലേഷണ പ്രക്രിയയുടെ വേഗത കുറയ്ക്കുന്നതായാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. താപനിലയുടെ വർധന പുരാതന വൃക്ഷങ്ങളുടെ നിലനിൽപ്പിനും ആരോഗ്യത്തിനും വലിയ ഭീഷണിയാണെന്നു ഗവേഷകർ പറയുന്നു. അമേരിക്കയിലെ മധ്യ കാലിഫോർണിയ മുതൽ ഒറിഗണിന്റെ തെക്കൻ തീരദേശ മേഖലകളിൽ കാണപ്പെടുന്ന അപൂർവ ഇനം വൃക്ഷങ്ങളാണ് കോസ്റ്റ് റെഡ്വുഡ്. ഇവിടെ കാണപ്പെടുന്ന വൃക്ഷങ്ങൾക്ക് 1,200 മുതൽ 2,200 വർഷം വരെ പ്രായമുണ്ടെന്നാണു കണക്കാക്കുന്നത്. അന്തരീക്ഷത്തിലെ കാർബണിനെ വലിയ അളവിൽ ശേഖരിച്ചു നിർത്തുന്ന 'കാർബൺ സിങ്ക്' ആണ് റെഡ്വുഡ്.