കോസ്റ്റ് റെഡ്വുഡ് വൃക്ഷങ്ങൾ.
ആഗോളതാപനം ഭൂമിയെ വിഴുങ്ങുമോ..? കാലാവസ്ഥാ വ്യതിയാനം മനുഷ്യരെയും മൃഗങ്ങളെയും ജലജീവികളെയും മാത്രമല്ല, ലോകത്തെ വൃക്ഷരാജാക്കന്മാരെയും പിടികൂടിയിരിക്കുകയാണ്. മഹാവൃക്ഷങ്ങൾ മാത്രമല്ല, സസ്യലോകത്തിന്റെ ഭാവിതന്നെ എന്തായിത്തീരുമെന്ന ആശങ്കയിലാണു ഗവേഷകർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 'കോസ്റ്റ് റെഡ്വുഡ്' വൃക്ഷങ്ങൾ അതിജീവനത്തിനായി പൊരുതുന്നുവെന്നാണു പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണു പഠനത്തിനു പിന്നിൽ. മെൻഡോസിനോ കൗണ്ടിയിലുള്ള ഗാർസിയ റിവർ ഫോറസ്റ്റ് മേഖലയാണു പഠനത്തിനായി തെരഞ്ഞെടുത്തത്.
അന്തരീക്ഷ താപനില ഉയരുമ്പോൾ, റെഡ്വുഡ് മരങ്ങൾ പ്രകാശസംശ്ലേഷണ പ്രക്രിയയുടെ വേഗത കുറയ്ക്കുന്നതായാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. താപനിലയുടെ വർധന പുരാതന വൃക്ഷങ്ങളുടെ നിലനിൽപ്പിനും ആരോഗ്യത്തിനും വലിയ ഭീഷണിയാണെന്നു ഗവേഷകർ പറയുന്നു. അമേരിക്കയിലെ മധ്യ കാലിഫോർണിയ മുതൽ ഒറിഗണിന്റെ തെക്കൻ തീരദേശ മേഖലകളിൽ കാണപ്പെടുന്ന അപൂർവ ഇനം വൃക്ഷങ്ങളാണ് കോസ്റ്റ് റെഡ്വുഡ്. ഇവിടെ കാണപ്പെടുന്ന വൃക്ഷങ്ങൾക്ക് 1,200 മുതൽ 2,200 വർഷം വരെ പ്രായമുണ്ടെന്നാണു കണക്കാക്കുന്നത്. അന്തരീക്ഷത്തിലെ കാർബണിനെ വലിയ അളവിൽ ശേഖരിച്ചു നിർത്തുന്ന 'കാർബൺ സിങ്ക്' ആണ് റെഡ്വുഡ്.

2022 ജൂലൈ മുതൽ 2024 ഒക്ടോബർ വരെയുള്ള കാലയളവിൽ ഉഷ്ണതരംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ വൃക്ഷങ്ങളുടെ ഇലകളെ ഗവേഷകർ പഠനവിധേയമാക്കി. കടുത്ത ചൂടുള്ള സമയങ്ങളിൽ ഇലകളിലെ താപനില 18 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയരുന്നതായി കണ്ടെത്തി. ഉയർന്ന താപനിലയോടു ഫലപ്രദമായി പ്രതികരിക്കാൻ ഇലകൾക്കു സാധിക്കുന്നില്ലെന്നു ഗവേഷകർ കണ്ടെത്തി.
ഇലകളിലെ സുഷിരങ്ങളായ 'സ്റ്റൊമാറ്റ' വഴി ജലബാഷ്പം പുറത്തുവിട്ടാണു മരങ്ങൾ തണുപ്പ് നിലനിർത്തുന്നത്. എന്നാൽ നിർജലീകരണം തടയാൻ മരങ്ങൾ സുഷിരങ്ങൾ അടയ്ക്കുമ്പോൾ, പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ കാർബൺ ഡയോക്സൈഡ് സ്വീകരിക്കാൻ കഴിയാതെവരും. താപനില വർധിക്കുമ്പോൾ ഇവയുടെ പ്രകാശസംശ്ലേഷണ നിരക്കു കുറയുന്നുണ്ടെന്ന് ലബോറട്ടറി പരിശോധനകളിലും വ്യക്തമായതായി ഗവേഷകർ പറഞ്ഞു. കടുത്ത ചൂടു താങ്ങാൻ റെഡ്വുഡിനു ശേഷി കുറവാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഉഷ്ണതരംഗങ്ങൾ മൂലം റെഡ്വുഡിനു സംഭവിക്കുന്ന ആഘാതം താത്കാലികമാണോ, അതോ ശാശ്വതമാണോ എന്നു വ്യക്തമാക്കാൻ തുടർപഠനങ്ങൾ ആവശ്യമാണെന്നു ഗവേഷകർ വ്യക്തമാക്കി. നിലവിൽ ശൈത്യകാലമെത്തുന്നതോടെ റെഡ്വുഡ് പൂർവസ്ഥിതി പ്രാപിക്കുന്നുണ്ട്. എങ്കിലും, താപനില ഇനിയും ഉയർന്നാൽ മഹാവൃക്ഷങ്ങൾക്കു നിലനിൽക്കാൻ കഴിയുമോ എന്നതു വലിയ ചോദ്യമായി മുന്നിൽനിൽക്കുന്നു.
Tags : CoastRedwood International Enviorment CaliforniaRedwood Sequoiasempervirens ClimateChange ScienceNews