പ്രതീകാത്മക ചിത്രം
ടെഹ്റാൻ: രാജ്യത്തിന്റെ ദേശീയ സമ്പത്തായ സമ്പുഷ്ടീകരിച്ച യുറേനിയം ഒരു ഗ്രാം പോലും വിദേശത്തേക്ക് കയറ്റി അയയ്ക്കില്ലെന്ന് ഇറാൻ. ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസേയ് ആണ് തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം വിദേശത്തേക്ക് കയറ്റി അയയ്ക്കുമെന്ന വാർത്ത തള്ളിയത്.
യുഎസുമായി ചർച്ചയ്ക്ക് തയാറല്ലെന്നും വാഷിംഗ്ടൺ തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചാൽ മാത്രമേ ഭാവിയിൽ ചർച്ചകളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി വ്യക്തമാക്കി.
മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ടെഹ്റാൻ സന്ദർശിച്ച പാക് സൈനിക മേധാവി അസീം മുനീറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ മുന്നോട്ടുവച്ച ഏഴ് ഉപാധികൾ പൂർണമായി നടപ്പിലാക്കണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്.
ഇറേനിയൻ തുറമുഖങ്ങളിലെ ഉപരോധം അവസാനിപ്പിക്കുക, എണ്ണ കയറ്റുമതിക്കുമേലുള്ള വിലക്കുകൾ നീക്കുക, പ്രാദേശിക തലത്തിലുള്ള ശത്രുതാപരമായ നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
Tags : Iran USA conflict Attack AirStrike Defense NewsUpdate Headlines